തൃശൂര്‍: കഴിഞ്ഞ തവണ തൃശൂര്‍ നഗരത്തില്‍ നടത്തിയ ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ പ്രസ്താവിച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തിരുന്നു. കോര്‍പറേഷന്റെ പിന്തുണയും പ്രോത്സാഹനവും ഫെസ്റ്റിവെലിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പിംഗ് ഫെസ്റ്റിവെലിലെ പോരായ്മകള്‍ അടുത്ത തവണ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവെലിന് പല ഷോപ്പുകളും രാത്രി നേരത്തെ അടച്ചുപോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷാചരണം ഉദ്ഘാടനവും ചേംബര്‍ ദിനാഘോഷവും പുരസ്‌കാരദാനവും ജൂണ്‍ 3ന് കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. വൈകീട്ട്് 4.30ന്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. റവന്യൂ മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ എം കെ വര്‍ഗ്ഗീസ് പ്രത്യേക അഭിസംബോധനയും നടത്തും. ടി.എന്‍.പ്രതാപന്‍ എം.പി, പി.ബാലചന്ദ്രന്‍ എം.എല്‍.എ, ടി.എസ്.പട്ടാഭിരാമന്‍, ജിജി ജോര്‍ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.