തൃശൂര്‍: കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള തര്‍ക്കം മൂലം തൃശൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി.പി.ഐയ്ക്ക് നഷ്ടമായി. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച കാളത്തോട് ഡിവിഷനിലെ കൗണ്‍സിലര്‍ എം.എല്‍.റോസിയെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ത്ഥിയായ യു.ഡി.എഫിലെ ലാലി ജെയിംസിനെയാണ് പരാജയപ്പെടുത്തിയത്. മേയര്‍ എം.കെ. വര്‍ഗ്ഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയര്‍ എം.കെ.വര്‍ഗീസ്, തൃശൂര്‍ എം.എല്‍.എ. പി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ഡെപ്യൂട്ടി മേയറെ അനുമോദിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ ഏറ്റവും സീനിയറായ കൗണ്‍സലര്‍ കൂടിയാണ് എം.എല്‍.റോസി.
കാളത്തോട് നിന്ന് വിജയിച്ച എം.എല്‍.റോസി കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കിയിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐ കൗണ്‍സിലര്‍മാരായ സാറാമ്മ റോബ്സൺ, ബീന മുരളി, ഐ.സതീഷ്‌കുമാര്‍ എന്നിവര്‍ക്കിടയില്‍ സമവായം ഉണ്ടായില്ല. പൂത്തോളിലെ കൗണ്‍സിലര്‍ സാറാമ്മ റോബ്‌സണായിരുന്നു സീനിയര്‍. എന്നാല്‍ മുന്‍പ് ഡെപ്യൂട്ടി മേയറായിരുന്ന ബിീന മുരളിയും (കൃഷ്ണാപുരം ഡിവിഷന്‍) ഡെപ്യൂട്ടി മേയര്‍ സ്ഥാനം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വില്ലടം കൗണ്‍സിലറാണ് ഐ.സതീഷ്‌കുമാര്‍. തര്‍ക്കം മുറുകിയതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വേണ്ടെന്ന് സി.പി.ഐ നേതൃത്വം അറിയിക്കുകയായിരുന്നു.