തൃശൂര്‍: പി.ബാലചന്ദ്രന്‍ എം.എല്‍.എയും, മേയര്‍ എം.കെ.വര്‍ഗീസും, മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറും പങ്കെടുത്ത ഡോ.എം.ജയപ്രകാശ് അനുസ്മരണയോഗത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. മേയര്‍ എം.കെ.വര്‍ഗീസ് വേദിയിലെത്തിയതോടെയാണ് അനുസ്മരണയോഗത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവങ്ങള്‍ നടന്നത്. മേയര്‍ എത്തുമ്പോള്‍ പി.ബാലചന്ദ്രന്‍ മാത്രമാണ് വേദിയില്‍ ഇരുന്നിരുന്നത്. മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍, കെ.കെ.വത്സരാജ്, എം.എം.വര്‍ഗീസ് (സിപിഎം ജില്ലാ സെക്രട്ടറി), ജോസ് വള്ളൂര്‍ തുടങ്ങിയ പ്രമുഖരെല്ലാം സദസ്സിലായിരുന്നു.
സദസ്സിലിരിക്കുന്ന പ്രമുഖരെല്ലാം വേദിയില്‍ വന്നിരിക്കണമെന്നായി മേയര്‍. അനുശോചനയോഗത്തില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സദസ്സിലുള്ള എം.എം.വര്‍ഗീസ് അടക്കമുള്ളവര്‍. തന്റെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ പ്രസംഗിക്കില്ലെന്ന് മേയര്‍ ശഠിച്ചു. ഇതിനിടെ സദസ്സില്‍ നിന്ന് എഴുന്നേറ്റ് മേയറുടെ അടുത്തത്തെത്തിയ ചിലര്‍ മേയറുടെ നിലപാട് ചോദ്യം ചെയ്തു. അല്പ നേരം തര്‍ക്കം നീണ്ടു.
ഫ്ളക്‌സിലെ ഫോട്ടോ ചെറുതായതില്‍ പ്രതിഷേധിച്ച് പൂങ്കുന്നം സ്‌കൂളിലെ ചടങ്ങില്‍ നിന്ന് മേയര്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. വിദ്യാഭ്യാസ പുരസ്‌കാരച്ചടങ്ങിന്റെ ഫ്ളക്‌സില്‍ എം.എല്‍.എ. പി.ബാലചന്ദ്രന്റെ ഫോട്ടോ വലുതാക്കി വെച്ചതാണ് മേയറെ ചൊടിപ്പിച്ചത്. പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നാരോപിച്ചായിരുന്നു അന്ന് മേയര്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
എം.എല്‍.എ ബാലചന്ദ്രന്‍ വേദിയിലുണ്ടായിരുന്നതിനാല്‍ മേയര്‍ ഇറങ്ങിപ്പോയേക്കുമെന്ന ആശങ്കയിലായിരുന്നു സംഘാടകര്‍. ഒടുവില്‍ അനുസ്മരണച്ചടങ്ങ് അലങ്കോലമാകാതിരിക്കാന്‍ സദസ്സിലുണ്ടായിരുന്നവരെല്ലാം അനുസരണയുള്ള കുഞ്ഞാടുകളായി വേദിയില്‍ വന്നിരുന്നു ഒടുവില്‍ ഇരുപത്തഞ്ചിലധികം പേരുള്ള വേദിയിലാണ് അനുസ്മരണയോഗം നടന്നത്.
ഇത്തരമൊരു അനുസ്മരണയോഗത്തില്‍ മേയറുടെ പെരുമാറ്റം അപലപനീയമായിപ്പോയെന്ന് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍ ന്യൂസ് കേരളയോട് പറഞ്ഞു. വ്യാപാരി വ്യാവസായി ഏകോപന സമിതി ഭാരവാഹികളായ എന്‍.ആര്‍.വിനോദ്കുമാര്‍, കെ.വി.അബ്ദുള്‍ ഹമീദ്, രാജു അപ്‌സര, പി.കെ.എം.ഇബ്രാഹിം, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ഉസ്മാന്‍ ഇര്‍ഫാനി പൂപ്പാലം, രാജേഷ് പൊതുവാള്‍, എം.കെ.അസ്ലാം, എം.കെ.തോമസ് കുട്ടി, എ.ജെ.ഷാജഹാന്‍, എം.എസ്.പ്രേംകുമാര്‍, എ.ജെ.റിയാസ്, കെ.പി.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള , ബി.ജെപി മണ്ഡലം സെക്രട്ടറി രഘുനാഥ് മേനോന്‍, ചേംബര്‍ ഓഫ് കോമേഴ്‌സിലെ സജി ജോണ്‍ മഞ്ഞില, സി.പി.മുഹമ്മദ് ഹനീഫ് എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.