തൃശൂര്‍: കോര്‍പറേഷന്‍ ബജറ്റ് അവതരണത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മാസ്റ്റര്‍ പ്ലാനില്‍ അഴിമതിയെന്നും മേയര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലിന്റെ നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളികള്‍ക്കിടെ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. ഇതിനിടെ മേയറുടെ ചേംബറില്‍ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തി. പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആറ് ബി.ജെ.പി കൗണ്‍സിലര്‍മാരും സീറ്റിലിരുന്നു സംഘര്‍ഷം വീക്ഷിച്ചു.
ബജറ്റിന്റെ കോപ്പി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കീറിയെറിഞ്ഞു. ഇതിനിടെ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളിലായി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജനടക്കം ചില കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പിടിവലിക്കിടെ കൗണ്‍സിലര്‍മാരായ ലാലി ജെയിംസ്, സജിത എന്നിവര്‍ നിലത്തുവീണു. ബഹളത്തിനിടെ പത്ത് മിനിറ്റിനുള്ളില്‍ ഡെപ്യട്ടി മേയര്‍ രാജശ്രീ ഗോപന്‍ ബജറ്റ് അവതരിപ്പിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വലയം തീര്‍ത്ത് രാജശ്രീ ഗോപന് സംരക്ഷണം നല്‍കിയ ശേഷമാണ് ബജറ്റ് അവതരണം തുടങ്ങിയത്.
മാസ്റ്റര്‍ പ്ലാനിന്റെ കരട് കൗണ്‍സിലിന്റെ അനുമതിയില്ലാതെ സര്‍ക്കാരിന് സമര്‍പ്പിച്ചതില്‍ പ്രതിഷേധി്ച്ചായിരുന്നു പ്രതിപക്ഷ ബഹളം.
മൂന്ന് കോര്‍ഡ്‌ലസ് മൈക്കും പോഡിയവും, സ്പീക്കറും സംഘര്‍ഷത്തിനിടെ കേടായി. കൈരളി സൗണ്ട്‌സിന്റേതാണ് മൈക്കുകളും, പോഡിയവും സ്പീക്കറും. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.