തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ നിന്ന് മത്സ്യവും, പച്ചക്കറിയും സംയുക്തമായി കൃഷി ചെയ്യുന്ന അക്വാപോണിക്‌സ് രീതിയെക്കുറിച്ച് അറിയാം. വീടുകളില്‍ മത്സ്യകൃഷി നടത്താനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയുടെ മാതൃകയും സ്റ്റാളിലുണ്ട്. ഇവിടെ ഒരുക്കിയ മീന്‍തോട്ടം കുളത്തില്‍ നാല് മാസം മുതല്‍ എട്ട് മാസം വരെ പ്രായമുള്ള വരാലുകള്‍ ഉണ്ട്. വരാല്‍, ആസാം വാള, കരിമീന്‍ എന്നീ മത്സ്യങ്ങള്‍ അരസെന്റ് സ്ഥലത്ത് കൃഷി ചെയ്യാവുന്ന പദ്ധതിയാണ് മുറ്റത്തൊരു മീന്‍ത്തോട്ടം.
വിവിധ തരം ഞണ്ടുകളും, തിലാപ്പിയകളും, അലങ്കാര മത്സ്യങ്ങളും കാണികള്‍ക്ക് കൗതുകക്കാഴ്ചയൊരുക്കുന്നു.
തിലോപ്പിയ, വരാല്‍ എന്നീ മത്സ്യങ്ങളും തക്കാളി, വഴുതന, ചീര, പാലക്ക്, പുതിന, മല്ലിയില, മുളക്, കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയ പച്ചക്കറികളും അക്വാപോണിക്‌സ് കൃഷിയില്‍ ഒരുമിച്ച് വളര്‍ത്താം.
ഗ്രീന്‍ ഞണ്ട്, മഡ് ഞണ്ട് എന്നിവയും മത്സ്യ കൃഷി ജലാശയങ്ങളില്‍ ജലശുദ്ധീകരണത്തിനും എയറേഷനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണമായ പാഡില്‍ വീല്‍ എയറേറ്ററും പ്രദര്‍ശനത്തിനുണ്ട്. തിരികെ നല്‍കേണ്ട തീരമാണ് തലമുറകളില്‍ നിന്ന് കടമെടുത്ത കടലാണ് മലിനമാക്കാതെ നല്‍കുക കടമയാണ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ പാരിസ്ഥിതിക പ്രാധാന്യമറിയിക്കുന്ന ചിത്രങ്ങളും ശില്‍പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ കടലിന്റെയും കടലാമയുടെയും മറ്റ് കടല്‍ ജീവികളുമുള്ള ശില്‍പവും സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്. തീരദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ പുന:രധിവസിപ്പിക്കുന്നതിനായി ഭൂമി വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം ധന സഹായം നല്‍കുന്ന പുനര്‍ഗേഹം പദ്ധതി വരുന്നതിന് മുമ്പും ശേഷമുള്ള കാഴ്ചകളും സ്റ്റാളില്‍ കാണാം.
ആഴമുള്ള കായലുകള്‍, പുഴകള്‍, പാറമടകള്‍ മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കൃത്രിമമായി രൂപപ്പെടുത്തുന്ന വല കൂടുകള്‍ സ്ഥാപിച്ച് അതിനുള്ളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് തീറ്റ നല്‍കി വളര്‍ത്തിയെടുക്കുന്ന കൂടുകളിലെ മത്സ്യ കൃഷിയും, ജില്ലയില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെക്കുറിച്ചും,വിവിധ മത്സ്യ കൃഷി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളിലുണ്ട്. മണ്ണ് സംരക്ഷണ വിഭാഗം ജില്ലയില്‍ നടത്തി വരുന്ന 38.07 കോടിയുടെ 56 പദ്ധതികളെക്കുറിച്ചും സ്റ്റാളിലൂടെ അറിയാം. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി, നവകേരളം, ജില്ലാ പഞ്ചായത്ത് സമഗ്ര നീര്‍ത്തടപദ്ധതി, തീരദേശപുനരുജ്ജീവന പദ്ധതി, ജലരക്ഷ, തീരരക്ഷ തീരദേശ കുടിവെള്ള ക്ഷാമപരിഹാര പദ്ധതി എന്നിവയെക്കുറിച്ചും അറിയാം.