തൃശൂര്‍: കേരളത്തില്‍ അലങ്കാരങ്ങള്‍ക്ക് സര്‍വസാധാരണമായിരിക്കുന്ന പ്ലാസ്റ്റിക് പൂക്കളുടെ വില്‍പന നിരോധിക്കണമെന്ന് ഓള്‍ കേരള ഫ്‌ളവര്‍ മര്‍ച്ചൻ്റ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് പൂക്കള്‍ പരിസ്ഥിതി സൗഹൃദമല്ലെന്നും, നട്ടുവളര്‍ത്തുന്ന പ്രകൃതിദത്തമായ പൂക്കള്‍ സംരക്ഷിച്ച് അതിന്റെ വിപണനം ലാഭകരമായ രീതിയില്‍ നടത്താന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ പുഷ്പകൃഷി തുടങ്ങണം. ബംഗ്‌ളൂരുവില്‍ നിന്നും, ഹൊസൂരില്‍ നിന്നുമുള്ള വന്‍കിട ഫാമുകളാണ് കേരളത്തില്‍ പൂക്കള്‍ക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് ലോബികളുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൂക്കച്ചടമെന്നും, കേരളത്തിലെ പുഷ്പ വ്യാപാരികള്‍ ചൂഷണത്തിന് വിധേയരായി കടക്കെണിയിലാണെന്നും അസോസിയേഷന്‍ യോഗം ചൂണ്ടിക്കാട്ടി. കോവിഡ് ദുരിതത്തില്‍ 2,500 ഓളം വരുന്ന പുഷ്പവ്യാപാരികളുടെ ജീവിതം പ്രതിസന്ധിയിലാണ്. പുഷ്പവ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണെന്നും യോഗം ആവശ്യപ്പെട്ടു. എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം സംസ്ഥാന പ്രസിഡണ്ട് വി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് ജഗദീഷ് കുമാര്‍, ഉല്ലാസ് ഇടുക്കി, ടോമി കാസര്‍കോട്, ജഗജീവന്‍ യവനിക, സുധീഷ് മേനോത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.