റിയലിസ്റ്റിക്ക് രീതികളിലൂടെ സഞ്ചരിച്ച്, കൗതുകങ്ങളില്‍ തട്ടി, പിന്നെ കാണിയുടെ കാഴ്ചയില്‍ ഇല വീണാല്‍ പോലും ചിത്തോദ്വേഗം ഉളവാക്കുന്ന മേക്കിങ്ങ്
ഷാഹി കബീറിന്റെ ‘ഇലവീഴാപൂഞ്ചിറ’ എന്ന ചലച്ചിതം വെട്ടിയൊരുക്കിയ സഞ്ചാരപാതയ്ക്ക് വന്യതയും മനോഹാരിതയും ഒരുപോലെ കരുത്തു പകരുന്നു. റിയലിസ്റ്റിക്ക് രീതികളിലൂടെ സഞ്ചരിച്ച്, കൗതുകങ്ങളില്‍ തട്ടി, പിന്നെ കാണിയുടെ കാഴ്ചയില്‍ ഇല വീണാല്‍ പോലും ചിത്തോദ്വേഗം ഉളവാക്കുന്ന മേക്കിങ്ങ് ! ശാന്തമായി ഒഴുകുന്ന നേര്‍ത്തൊരരുവിയായി തുടങ്ങി, തിരകള്‍ ആര്‍ത്തലയ്ക്കുന്ന സമുദ്രമായി മാറുന്ന രൂപാന്തരപ്രാപ്തി !
പൂഞ്ചിറക്കുന്നിലെ പ്രവചനാതീതമായ കാലാവസ്ഥപോല്‍, പതിഞ്ഞ താളം വിട്ട് ക്രൈംത്രില്ലര്‍ സ്വഭാവത്തിലേയ്ക്ക് കഥാഗതി മാറുമ്പോള്‍ പ്രേക്ഷകനും കൂടെ സഞ്ചരിക്കുന്നു.
യവനിക, താഴ് വാരം, സീസണ്‍, മുഖം എന്നീ സിനിമകളാണ് പെട്ടെന്ന് ഈ ശ്രേണിയില്‍ ഓര്‍മ്മ വരുന്നത്. അക്കാലത്ത് ഈ ചിത്രങ്ങള്‍ എല്ലാംത്തന്നെ നടപ്പുരീതികളില്‍ നിന്നും വിട്ട് പുതിയ തലത്തിലുള്ള കഥപറച്ചിലിന് അഭ്രപാളിയില്‍ ഭാഷ്യം ചമച്ചവ എന്നു പേരെടുത്തവയാണ്. ഈ സിനിമയും പുതിയ ശൈലിയിലൂടെയാണ് സംവിധായകന്‍ ഷാഹി കബീറും കഥയൊരുക്കിയ നിധീഷും, ഷാജി മാറാടും അവതരിപ്പിക്കുന്നത്. മധു എന്ന കഥാപാത്രം സൗബിന് വഴിത്തിരിവാകുമെന്നത് തീര്‍ച്ചയാണ്. അത്രമേല്‍ ഗംഭീരമായി അയാള്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
ഗ്രാസ്‌റൂട്ട് ലെവല്‍ ഉദ്യോഗസ്ഥരുടെ നേട്ടങ്ങള്‍ ഡോക്യുമെന്റഡാകാതിരിക്കുന്ന പരിതസ്ഥിതിയില്‍ ‘ഇലവീഴാപൂഞ്ചിറ’ ഉണര്‍വിന്റെ പാഠമാണ്.
പത്രഭാഷയില്‍ സാധാപോലീസുകാരനു (നക്ഷത്രശോഭകള്‍ ഇല്ലാത്ത)കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സാധാ പോലീസുകാരന്റെ നിര്‍ദേശപ്രകാരം, സാധാ പോലീസുകാരന്റെ നേതൃത്വത്തില്‍ നടത്തിയ വിജയകരമായ ഓപ്പറേഷന്‍ !
‘അത് ഏതു പോലീസുകാരനും പറ്റും’ എന്ന ഭോഷ്‌ക് ഇനിയെങ്കിലും മാറ്റി പിടിക്കുക. പകരം ‘പോലീസുകാര്‍ക്ക് പറ്റാത്തതായി ഒന്നുമില്ല’ എന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ടുകൊള്ളുക. കാരണം, അതിന്റെ ഉത്തമദൃഷ്ടാന്തമാണ് ‘ഇലവീഴാപൂഞ്ചിറ’ എന്ന കലോപഹാരം.
Review by അരുണ്‍ കുന്നമ്പത്ത്