ടെഹറാന്‍ : സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു. എഫ് 15 ഇ, എ-10 പോര്‍വിമാനങ്ങളാണ് ഇറാന്‍ വെടിവെച്ചിട്ടത്. കാണാതായ സൈനികന് വേണ്ടിയുള്ള തിരച്ചിലിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്ക് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി.
ഡോണള്‍ഡ് ട്രംപ് എന്‍ബിസി ന്യൂസിന് നല്‍കിയ ഹ്രസ്വ ടെലിഫോണ്‍ അഭിമുഖത്തില്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ഈ സംഭവം ഇറാനുമായുള്ള ചര്‍ച്ചകളെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ”ഇല്ല, ഒരിക്കലുമില്ല. ഇല്ല, ഇതൊരു യുദ്ധമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യുദ്ധവിമാനം വെടിവെച്ചിട്ടതിനും പൈലറ്റുമാരെ കാണാതായതിനും പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് രംഗത്തെത്തി. ”തന്ത്രങ്ങളില്ലാതെ അമേരിക്ക തുടങ്ങിയ യുദ്ധം, ഇപ്പോള്‍ ‘ഭരണകൂട മാറ്റത്തില്‍’ നിന്നും, ഞങ്ങളുടെ പൈലറ്റുമാരെ ആരെങ്കിലും ഒന്ന് കണ്ടുപിടിച്ചു തരുമോ എന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുന്നു” എന്ന് മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മേഖലകളില്‍ വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ചതായി ഇസ്രയേല്‍ അറിയിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാദൗത്യത്തിന് തടസമാകാതിരിക്കാനാണ് ആക്രമണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനെ ശിലായുഗത്തിലേക്കെത്തിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ്യത്തിന്റെ പരസ്യസമ്മതമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷഷ്‌കിയാന്‍ കുറ്റപ്പെടുത്തി.
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിലപാട് കടുപ്പിക്കുകയാണ് ഇറാന്‍. പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ഇറാന്‍ അറിയിച്ചു. അമേരിക്കയുടെ 15 ഇന നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ വ്യക്തമാക്കി. തെക്കന്‍ ഇസ്രയേലിലേക്കും ഇറാന്‍ ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക പ്രമേയത്തിന്മേലുള്ള യുഎന്‍ രക്ഷാസമിതി വോട്ടെടുപ്പ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു. റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനം.



















