തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ എഫ്സിആര്‍എ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പുതിയ ഭേദഗതികള്‍ ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ വ്യക്തികളുടെയും സംഘടനകളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്സിആര്‍എ അനുമതിയുള്ള സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള പുതിയ വ്യവസ്ഥകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത് സന്നദ്ധ സംഘടനകളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നൂറ്റാണ്ടുകളായി ലഭിക്കുന്ന വിദേശ സഹായം സ്കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവ വഴി രാഷ്ട്രനിര്‍മാണത്തിനാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് പല സ്ഥാപനങ്ങളുടെയും എഫ്സിആര്‍എ അനുമതി റദ്ദാക്കുന്നത് ശരിയല്ല.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയ വിശുദ്ധ ദിനങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചതില്‍ സഭയ്ക്കുള്ള കടുത്ത പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. പ്രാര്‍ത്ഥനയോടെ ചെലവഴിക്കേണ്ട ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പരീക്ഷ എഴുതേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. ക്രൈസ്തവ സമൂഹത്തോടുള്ള ഇത്തരം അവഗണനകള്‍ക്കെതിരെ അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.














