Newsskerala

സഹകരണ വകുപ്പ് സോഫ്റ്റ് വെയര്‍ കരാര്‍: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: സഹകരണ വകുപ്പ് സോഫ്റ്റ്വെയര്‍ കരാറില്‍  ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് 19 വരെ നടപടികളുമായി മുന്നോട്ടുപോകരുത് എന്നാണ് ഉത്തരവ്. ഏഴ് ഐ.ടി കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ദിനേശ് ബീഡി സഹകരണ സംഘത്തിനാണ് കരാര്‍ നല്‍കിയത്. സോഫ്റ്റ്വെയര്‍ കരാറില്‍ രമേശ് ചെന്നിത്തല അഴിമതി ആരോപിച്ചിരുന്നു. 700 കോടി രൂപയുടെ അഴിമതി നടന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. നേരത്തെ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ തീരുമാനിച്ച കരാര്‍ നാലിരട്ടിയ്ക്ക് മേല്‍ തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് 206 കോടി രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കാനായിരുന്നു തീരുമാനം.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നതെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ  ടെന്‍ഡറില്‍ വ്യക്തതയില്ലായെന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ദിനേശ് ബീഡി സഹകരണ സംഘത്തിന് മാത്രം പങ്കെടുക്കാവുന്ന രീതിയില്‍ ടെണ്ടര്‍ വിളിച്ചുവെന്നും അത് സുതാര്യമായ കാര്യമല്ലായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സഹകരണ മേഖലയെ പൂര്‍ണ്ണമായി സിപിഎമ്മിന്റെ നിയന്ത്രണത്തിലാകുന്ന ഒരു പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഇത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് ഇവര്‍ കരുതിയില്ല.ആരും അറിയാതെ ഇത് നടപ്പിലാക്കിയെടുക്കാനുള്ള പരിപാടിയായിരുന്നു സര്‍ക്കാരിന്റേതെന്നും ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *