Newsskerala

സതീശനുമായി സംവാദം നേരിട്ടല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി നേരിട്ട് സംവാദം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫേയ്സ് ബുക്കിൽ ഇന്നലെ രാവിലെ 9 മുതല്‍ സംവാദം തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് തയ്യാറല്ല എന്നദ്ദേഹം പറഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ആ സംവാദം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ചോദ്യമില്ല. ഒരുതരം പുക മറ സൃഷ്ടിക്കാനാണ് ശ്രമം. അതൊന്നും ഏശുന്നവരല്ല ഞങ്ങള്‍. ഒരു വര്‍ഗീയതയെയും അനുകൂലിക്കുന്ന നിലപാടല്ലെന്നും അനാവശ്യമായി നുണ പ്രചരിപ്പിക്കുന്നത് കരിവാരിത്തേക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോള്‍, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021-ല്‍ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫാണ് നല്ലതെന്ന് കരുതുന്നവര്‍ കാണും. അത് ധാരണയുടെ ഭാഗം അല്ല. വര്‍ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വര്‍ഗ്ഗീയ വിരുദ്ധ നിലപാടാണ് എല്‍ഡിഎഫിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്ഡിപിഐയും കോണ്‍ഗ്രസും എത്ര കാലം ഒക്കച്ചങ്ങായിമാരായി നടന്നതാണ്. അധിക കാലം പിന്നിലല്ല, പാലക്കാട് കണ്ടതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നമ്മുടെ രാജ്യത്ത് ഏറ്റവും ആപത്ത് ഉണ്ടാക്കിയത് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് എല്‍ഡിഎഫ് എല്ലാകാലത്തും സ്വീകരിച്ചത്. ആ ഞങ്ങളെ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാല്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാം എന്നാണ് ശ്രമമെന്ന് അദേഹം പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിച്ചു. ഇത് തങ്ങള്‍ക്ക് അപകടം ഉണ്ടാകുമെന്ന് ചിലര്‍ക്ക് തിരിച്ചറിവുണ്ടായി. അങ്ങനെയാണ് തെറ്റായ ചിത്ര വരച്ചുകാട്ടാന്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് തെറ്റായ ചിത്രം എല്‍ഡിഎഫിനെക്കുറിച്ച് ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചത്. അനായാസം ജയിക്കും എന്ന് വിചാരിച്ചവര്‍ക്ക് ഇപ്പോള്‍ വല്ലാത്ത പൊള്ളലേറ്റു. നേരത്തെ ഉള്ളതിനേക്കാള്‍ സ്വീകാര്യത എല്‍ഡിഎഫിന് ലഭിക്കുന്നു. ഒരു പുകമറയും ഞങ്ങളെ ബാധിക്കില്ല. ഒരു വര്‍ഗീയതയുമായും കൂട്ടുകൂടുന്ന നിലപാടില്ല. എല്ലാ വര്‍ഗീയതയോടും ഒരേ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

.

Leave a Comment

Your email address will not be published. Required fields are marked *