ഫോൺ സ്വിച്ച് ഓഫ് ചെയ്തു വിവിധ വാഹനങ്ങളിൽ മാറിമാറി സഞ്ചരിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്
തിരവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായ വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ബെയ്ലിൻ ദാസിനെ ഇന്ന് വൈകിട്ട് തുമ്പ പോലീസ് സ്റ്റേഷൻ കവല എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യ അപേക്ഷ ബെയ്‌ലിൻ ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രദേശത്ത് പ്രതിയായ അഭിഭാഷകൻ കാറോടിച്ചു പോകുന്നു എന്ന വിവരം വഞ്ചിയൂർ എസ് എച്ച ഒ ക്ക് ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ഫോൺ സ്വിച്ച് ഓഫ് ചെയ്തു വിവിധ വാഹനങ്ങളിൽ മാറിമാറി സഞ്ചരിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. ആൾട്ടോ കാറിൽ സഞ്ചരിച്ചിരുന്ന അഭിഭാഷകനെ ഡാൻസാഫ് സംഘവും തുമ്പ പോലീസും ചേർന്നാണ് കസ്റ്റടിയിലെടുത്തത്. തുമ്പ പോലീസ് സ്റ്റേഷനിൽ നിന്ന് പിന്നീട് വഞ്ചിയൂർ സ്റ്റേഷനിലേക്ക് പ്രതിയെ എത്തിച്ചു. എല്ലാം കോടതിയിൽ പറയാം എന്നും കോടതി തീരുമാനിക്കട്ടെ എന്ന് ബെയ്ലിൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം ജാമ്യമില്ല വകുപ്പുകൾ ബെയിലിന് എതിരെ ചുമത്തിയിട്ടുണ്ട്. ജൂനിയർ അഭിഭാഷയായ ജെ വി ശ്യാമിലിയെ മുഖത്ത് ക്രൂരമായി മർദ്ദിച്ച് നിലത്തിട്ടു എന്നതാണ് അഭിഭാഷകനെതിരെയുള്ള കേസ്. ബെയിലിന്റെ ഓഫീസിൽ വച്ചാണ് അഭിഭാഷകയെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും അഭിഭാഷകനെ ഓഫീസിൽനിന്ന് അറസ്റ്റ് ചെയ്യുവാൻ അനുവദിക്കില്ല എന്ന് മറ്റ് അഭിഭാഷകർ പോലീസിനോട് പറഞ്ഞതിനെ തുടർന്ന് അപ്പോൾ പോലീസിന് അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇപ്പോൾ അറസ്റ്റ്. നാളെ ബെയ്ലിൻ ദാസിൻെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.