തൃശൂര്‍: വടക്കാഞ്ചേരി അകമല മാരാത്തുകുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയെന്ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് താമസക്കാരെ ഒഴിപ്പിക്കും. 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറി. ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഭൂജലവകുപ്പ് തുടങ്ങിയവര്‍ അടങ്ങുന്ന വിദഗ്ധ സംഘം മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലം പരിശോധിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തി.
സുരക്ഷാ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിത്താമസിപ്പിക്കണമെന്ന് വിദഗ്ധസംഘം അറിയിച്ചതായി തഹസില്‍ദാറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഇത്തരം വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.