തൃശൂര്‍: ആയിരങ്ങള്‍ക്ക് അമൃതനാദധാരയായി മഠത്തില്‍ വരവ് പഞ്ചവാദ്യം. വിശുദ്ധതീര്‍ഥമായി വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന ബ്രഹ്‌മസ്വം മഠത്തിന്റെ നടവഴികളില്‍ നാദമഴയായി പഞ്ചവാദ്യം പെയ്തുനിറഞ്ഞു. മഠത്തിലെ പൂജയ്ക്ക് ശേഷം തിരുവമ്പാടി ഭഗവതിയുടെ കോലമേന്തിയ തിരുവമ്പാടി ചന്ദ്രശേഖരനെ മുന്നില്‍ നിര്‍ത്തി ഉച്ചയ്ക്ക് 11.30ന് കോങ്ങാട് മധു തിമിലയില്‍ താളമിട്ടതോടെ തേനൊലിയായി വാദ്യഘോഷം തുടങ്ങി. താളനിബദ്ധമായി ഇളകിയാടിയ ആല്‍മരത്തിലെ അരയാലിലകള്‍ക്കൊപ്പം ആയിരങ്ങളുടെ കൈകളും ആകാശത്തേക്ക് ഉയര്‍ന്നുതാണു. കോങ്ങാട് മധുവും, സംഘവും ചേര്‍ന്നൊരുക്കിയ നാദവിരുന്ന് 3 മണിക്കൂര്‍ നീണ്ടു. ത്രിപുടയിലൂടെ ഇടകാലത്തിലൂടെ കൂട്ടിക്കൊട്ടില്‍ കലാശത്തിന്റെ മുഴക്കങ്ങള്‍ സൃഷ്ടിച്ച ഈ നാദവിസ്മയം തീര്‍ന്നതോടെ ആസ്വാദകരായ ആയിരങ്ങളുടെ മനം നിറഞ്ഞു.