തൃശൂര്‍: വഞ്ചിക്കുളത്തില്‍ ബോട്ട് സവാരി, പുതിയ മോഡല്‍ തട്ടുകടകള്‍, പാര്‍ക്ക്, നടപ്പാത, ദീപലങ്കാരം… എന്തൊക്കെ മോഹനവാഗ്ദാനങ്ങള്‍. അധികാരികളുടെ തള്ളല് കേട്ട മടുത്ത യോഗാചാര്യന്‍ പി.എസ്..അനന്തനാരായണന്‍ ഇത്തവണത്തെ അന്താരാഷ്ട്രയോഗദിനത്തിൻ്റെ ഭാഗമായി പായല്‍ മൂടിയ വഞ്ചിക്കുളത്തില്‍ പ്രതിഷേധ സൂചകമായി യോഗാഭ്യാസം നടത്തി. .
ടൂറിസത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി വഞ്ചിക്കുളം വൃത്തിയാക്കാറുണ്ടെങ്കിലും കൃത്യമായി പരിപാലിക്കുന്നില്ലെന്നാണ് അനന്തനാരായണന്റെ പരാതി. വൃത്തിയാക്കി ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ വഞ്ചിക്കുളത്തില്‍ വീണ്ടും പായലും, കുളവാളകളും വന്ന് മൂടും. വര്‍ഷങ്ങളായി ഇത് തുടരുകയാണെന്നും അനന്തനാരായണന്‍ പറഞ്ഞു.
വികസനത്തിന്റെ പേരില്‍ കോടികള്‍ മുടക്കിയുള്ള ഈ ധൂര്‍ത്ത് ആര്‍ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. നഗരത്തിലെ പ്രധാന കുടിവെള്ളസ്രോതസ്സാണിത്. വഞ്ചിക്കുളം ശുചിയായി നിലനിര്‍ത്താനുള്ള സ്ഥിരം സംവിധാനം വേണമെന്നും അതിനാണ് തന്റെ പ്രതിഷേധ യോഗപ്രകടനമെന്നും അദ്ദേഹം ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പായല്‍ മൂടിക്കിടന്ന വടക്കേച്ചിറയിലും അനന്തനാരായണന്‍ പ്രതിഷേധ യോഗപ്രകടനം നടത്തിയിരുന്നു. തോടിന്റെ നവീകരണം കോര്‍പറേഷന്റെ ചുമതലയാണ്. മൂന്ന് കോടി ചിലവിട്ട് വഞ്ചിക്കുളത്തെ നഗരത്തിലെ ടൂറിസ് ഹബ് ആക്കാനുള്ള പദ്ധതി കഴിഞ്ഞ ഓഗസ്റ്റില്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറുടെ സാന്നിധ്യത്തില്‍ തുടങ്ങിയിരുന്നു. നാല് ബോട്ടുകളും ഇറക്കി. വഞ്ചിക്കുളം മുതല്‍ വടൂക്കര പാലം വരെ രണ്ട് കിലോ മീറ്റര്‍ ഉല്ലാസ ബോട്ട് യാത്രയായിരുന്നു പദ്ധതിയുടെ പ്രധാന സവിശേഷത. വഞ്ചിക്കുളവും പരിസരവും വിവിധ നിറങ്ങളിലുള്ള വൈദ്യുത ബള്‍ബുകളിട്ട് അലങ്കരിച്ചിരുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ വേനല്‍ക്കാലമായതോടെ ശുചീകരിച്ച വഞ്ചിക്കുളം മുഴുവനായി ചണ്ടിയും കുളവാഴകളും നിറഞ്ഞു. ശക്തന്‍ തമ്പുരാന്റെ കാലത്ത് നഗരത്തിലെ വാണിജ്യ സഞ്ചാരകേന്ദ്രമായിരുന്നു കൊക്കാലെ വഞ്ചിക്കുളം. കൊച്ചിയില്‍നിന്നും കൊടുങ്ങല്ലൂരില്‍നിന്നുമൊക്കെ വഞ്ചിയില്‍ പച്ചക്കറികളും കക്കയും കയറുല്‍പന്നങ്ങളും അരിയും അടക്കമുള്ളവ തൃശൂരിലെത്തിയതു വഞ്ചിക്കുളം വഴിയായിരുന്നു. കൊച്ചി രാജഭരണ കാലത്ത് തുറമുഖ നഗരം എന്നായിരുന്നു ഇവിടം വിശേഷിപ്പിച്ചിരുന്നത്.