തൃശൂര്‍: ആതുരചികിത്സാരംഗത്ത് പ്രതിബദ്ധതയുടെ പ്രകാശഗോപുരമായി നിലകൊള്ളുന്ന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി എഴുപതാം പിറന്നാളിന്റെ നിറവില്‍. രോഗികള്‍ക്ക് കനിവും, കരുണയും, കരുതലുമായി ഏഴ് ബൃഹദ് പദ്ധതികള്‍ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചതായി പത്രസമ്മേളനത്തില്‍ ആശുപത്രി ഡയറക്ടര്‍ ഫാദര്‍ റെന്നി മുണ്ടന്‍കുരിയന്‍ അറിയിച്ചു.
തൃശൂരില്‍ ആദ്യമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ അത്യാധുനിക രീതിയില്‍ നടത്താനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ജൂബിലി ആശുപത്രിയില്‍ തുടങ്ങി.
ജൂബിലി മിഷന്‍ ആശുപത്രിയുടെ നടത്തറ പൊതു ആരോഗ്യകേന്ദ്രത്തില്‍ 13 മുതല്‍ സൗജന്യ ഒ.പി തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ക്ലിനിക്ക്. സെന്റ് ഗൈല്‍സ് ക്ലിനിക്ക് എന്ന പേരില്‍ ആരംഭിക്കും. തീപൊള്ളല്‍ വിഭാഗം വിപുലീകരിക്കും. ദേശീയ തലത്തില്‍ ആരോഗ്യരംഗത്തെ സേവനമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ഷവും ജൂബിലി ഹെല്‍ത്ത് കെയര്‍ മിഷനറി അവാര്‍ഡ് നല്‍കും. മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെ പേരിലാണ് അവാര്‍ഡ്്. ചിരിയുടെ പിതാവ് ഡോ.എച്ച്.എസ്. ഏഡന്‍വാല മെമ്മോറിയല്‍ ഓപ്പറേഷന്‍ നടത്തും. രക്ത ആന്റിജന്‍ പരിശോധനകള്‍ സൗജന്യമായി നടത്തും. ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ ആഫ്റ്റര്‍നൂണ്‍ ഒ.പിയില്‍ പകുതി ചാര്‍ജ് മാത്രം ഈടാക്കും. പാമ്പ്. കടിയേറ്റവര്‍ക്കുള്ള ചികിത്സക്കുള്ള ആന്റിവെനം സൗജന്യമായി നല്‍കും.
സി.ഇ.ഒ ഡോ.ബെന്നി ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.സി.ഗില്‍വാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.