തൃശൂര്‍: പുലിമുഖം വരച്ചും, പുലിക്കൊട്ട് കൊട്ടിയും കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ താരമായി. പൂങ്കുന്നം സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. പുലിക്കളിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മുന്‍ ടൂറിസം ഡയറക്ടര്‍ കൂടിയായ കളക്ടര്‍ കൃഷ്ണ തേജ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. പുലിക്കളിയും കാണേണ്ടതും പങ്കാളിത്തവുമാകേണ്ട ഒരു അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും, ഓണാഘോഷം തുടങ്ങിയ അനുഭവമാണ് ഇവിടെ വന്നപ്പോൾ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു. പുലിമടയിലെ ഒരുക്കങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ കളക്ടര്‍ പുലിക്കൊട്ട് കൊട്ടിയും, പുലിമുഖം വരച്ചും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സംഘാടകര്‍ സമ്മാനിച്ച പുലിമുഖം സ്വീകരിച്ചാണ് കളക്ടര്‍ മടങ്ങിയത്. 12 വർഷത്തിനു ശേഷമാണ് സീതാറാം മിൽ ദേശം വീണ്ടും 50 പുലികളുമായി കളിക്കിറങ്ങുന്നത്. ഡിവിഷന്‍ കൗണ്‍സിലര്‍ എ.കെ.സുരേഷ് ഐ. ലളിതാംബിക, എ.ആര്‍. കുമാരന്‍ , കെ കേശവദാസ് , എം കെ മൃദീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.