കൊച്ചി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പ് ഭരിക്കുന്നത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സതീശന്‍ ആരോപിച്ചു.
ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഒരു പങ്കും ഇല്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പ് ഭരിക്കുന്നത് മറ്റൊരു സംഘമാണ്. തങ്ങള്‍ നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്.
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്റെ ചെയര്‍മാനെ മാറ്റി മറ്റൊരാളെ നിയമിച്ചത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പില്‍ ഒരു കോര്‍പറേഷന്‍ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും മാറ്റിയത് പിണറായി അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണെന്നും സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്. പിണറായി പല തീരുമാനങ്ങളുമെടുക്കുന്ന ഒരു അധികാര സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യു.ഡി.എഫാണ്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണിത്.സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും. എം വി ഗോവിന്ദന്‍ പിണറായിയുടെ കുഴലൂത്തുകാരനായി മാറി മന്ത്രി റിയാസിന്റെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു, മുഖ്യമന്ത്രി നിസ്സഹായനെന്ന് വി.ഡി.സതീശന്‍.
Pic Credit: X