തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തിയ തൃശൂര്‍ പൂരത്തെ വരവേല്‍ക്കുന്നതിനായി കോര്പറേഷന് സംഘടിപ്പിച്ച മ്മടെ പൂരത്തിന് എഴുന്നള്ളിക്കാന്‍ ആനകളെ കിട്ടിയില്ല. മേയറും, കൗണ്‍സിലര്‍മാരും, കോര്പറേഷന് ജീവനക്കാരും പങ്കെടുക്ക വിളംബരഘോഷയാത്രക്കാണ് ആനകളെ പങ്കെടുപ്പിക്കാന്‍ കോര്പറേഷന് തീരുമാനിച്ചത്. ആനകളെ എഴുന്നളളിക്കാന്‍ കോര്പറേഷന് അനുമതി തേടിയത് വനംവകുപ്പിനോടായിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ക്കായിരുന്നു ആദ്യം അനുമതിക്കായി അപേക്ഷ നല്കേണ്ടിയിരുന്നതത്രെ! വനം വകുപ്പ് എഴുന്നള്ളിപ്പിന് അനുമതി നല്കാന് വിസമ്മതിച്ചു. സംസ്ഥാന ഭരണത്തിന്റെ പിന്തുണയുള്ളതിനാല്‍ സമര്ദ്ദതന്ത്രങ്ങളിലുടെ വൈകിയെങ്കിലും ആനയെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നായിരുന്നു മേയറുടെ പ്രതീക്ഷ. ഇതിനിടെ മുന്‍ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള ആനയും എത്തി. ഇതൊക്കെ മുന്‍കൂട്ടിയറിഞ്ഞ് ആനയെഴുന്നള്ളിപ്പിന് തടയിടാന്‍ വി.കെ.വെങ്കിടാചലം ജാഗരൂകനായി നില്‍പ്പുണ്ടായിരുന്നു. നിയമലംഘനത്തിന്റെ ഭവിഷ്യത്ത് അറിഞ്ഞ കോര്പറേഷന് ആനയെ ഉടനെ ലോറിയില്‍ കയറ്റി ‘നാടു’കടത്തി.
വിളംബര ഘോഷയാത്രക്ക് നെറ്റിപ്പട്ടം കെട്ടിയ ആനയൊഴികെ മുത്തുക്കുടക്കമുള്ള ചമയങ്ങള്‍, വാദ്യമേളങ്ങള്‍, കസവ് മുണ്ടിലും, കസവ് സാരിയിലും കൗണ്‍സിലര്‍മാര്‍…. എല്ലാം ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. ആനയില്ലാ പൂരം എന്തിനെന്ന ചിന്തയില്‍ മേയറും സംഘവും നില്‍ക്കുമ്പോഴാണ് ആരൊക്കെയോ ചേര്‍ന്ന് നല്ല തലയെടുപ്പുള്ള ഫൈബര്‍ ആനയെ എത്തിച്ചത്. ഇതോടെ മേയര്‍ക്കും കൂട്ടര്‍ക്കും ആവേശമായി.വിളംബര ജാഥയും, പിന്നീട് ഗംഭീര സദ്യയുമായി മമ്മടെ പൂരം കസറി. ആനയില്ലാ പൂരത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പതിവു പോലെ വിട്ടുനിന്നു. ഏതായാലും പൂരമായതിനാല്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഘോഷയാത്രയില്‍ മറ്റു ചടങ്ങുകളിലു സജീവസാന്നിധ്യമായി.
ഫൈബര്‍ ആനയെ നിരത്തി കോര്‍പ്പറേഷന്റെ വിവാദപ്പൂരം
