Newsskerala

അനധികൃത കുടിയേറ്റം, കഴക്കൂട്ടത്ത് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ 8 പേര്‍ പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് പോലീസ് നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭമെന്ന സംശയത്തിന്റെ  അടിസ്ഥാനത്തില്‍  രണ്ട് ബംഗ്ലാദേശി യുവതികളെയും കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.അനധികൃത കുടിയേറ്റക്കാരാണ് ബംഗ്ലാദേശി യുവതികള്‍.

ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കര്‍ണാടക സ്വദേശി ഡാനിയല്‍, വര്‍ക്കല സ്വദേശി നൗഫിയ, ബാംഗ്ലൂര്‍ സ്വദേശി മധുമതി, പശ്ചിമബംഗാള്‍ സ്വദേശി മൗസ്മി ബിസ്വാള്‍ എന്നിവരും സംഘത്തിലുണ്ട്. കാര്യവട്ടം മേനല്ലൂരില്‍ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്‌ക്കെടുത്തത്.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ  പരിശോധനയില്‍ കഴക്കൂട്ടം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തില്‍ രണ്ട് ബംഗ്ലാദേശികള്‍ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു. ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്.

വാടകവീട്ടില്‍നിന്ന് രണ്ട് കാറുകളും നിരവധി മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരി വഴി ആയുര്‍വേദ ഡോക്ടര്‍മാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *