പഴയ മുന്‍സിപ്പല്‍ പ്രദേശത്തെ എക്കാലത്തെയും പ്രശ്നമായിരുന്ന കുടിവെള്ളത്തില്‍ ചെളി കലര്‍ന്നുവരുന്നതിന് ശാശ്വത പരിഹാരമായി കേരള ചരിത്രത്തില്‍ ആദ്യമായി 5 കോടി രൂപ ചെലവില്‍ മുകള്‍ത്തട്ടില്‍ നിന്നും ശുദ്ധമായ ജലം പമ്പുചെയ്തെടുക്കുന്ന ഫ്ളോട്ടിംഗ് ഇന്‍ടേക്ക് എന്ന ആധുനീക സാങ്കേതിക വിദ്യ പൂര്‍ത്തീകരിച്ചി രിക്കുകയാണ്
തൃശൂര്‍: കോര്‍പ്പറേഷന്‍ വീണ്ടും ഇന്ത്യന്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ഇതാദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം കുടിവെള്ളത്തിനായി ഇത്രയും വലിയ പദ്ധതി നടപ്പിലാക്കുന്നത്. 1962ല്‍ കമ്മീഷന്‍ ചെയ്ത തൃശൂര്‍ നഗരത്തിലേയ്ക്കുള്ള കുടിവെള്ളത്തിനായുള്ള പദ്ധതിക്കുശേഷം 2015 വരെ ഒരു പദ്ധതി പോലും ജലസ്രോതസ്സ് വര്‍ദ്ധിപ്പിക്കുന്നതിനോ ശുദ്ധീകരിക്കുന്നതിനോ ആസൂത്രണം ചെയ്തിട്ടില്ല എന്ന് മേയർ എം കെ വർഗീസ് പറഞ്ഞു.
2015ല്‍ അധികാരത്തില്‍ വന്ന കൗണ്‍സില്‍ ശുദ്ധജലവിതരണത്തില്‍ ഉണ്ടായിരുന്ന ന്യൂനതകള്‍ പരിഹരിക്കുന്നതിനും ഇതിന്‍റെ ഭാഗമായി നടന്നിരുന്ന കൊള്ള ഒഴിവാക്കുന്നതിനും നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു കഴിഞ്ഞു, മേയർ പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷന്‍ നേരിട്ട് കുടിവെള്ളം വിതരണം ചെയ്യുന്ന പഴയ മുന്‍സിപ്പല്‍ പ്രദേശത്തെ എക്കാലത്തെയും പ്രശ്നമായിരുന്ന കുടിവെള്ളത്തില്‍ ചെളി കലര്‍ന്നുവരുന്നതിന് ശാശ്വത പരിഹാരമായി കേരള ചരിത്രത്തില്‍ ആദ്യമായി 5 കോടി രൂപ ചെലവില്‍ മുകള്‍ത്തട്ടില്‍ നിന്നും ശുദ്ധമായ ജലം പമ്പുചെയ്തെടുക്കുന്ന ഫ്ളോട്ടിംഗ് ഇന്‍ടേക്ക് എന്ന ആധുനീക സാങ്കേതിക വിദ്യ പൂര്‍ത്തീകരിച്ചി രിക്കുകയാണ്.
ഇതിന്‍റെ ഭാഗമായി ജല ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന 20 എം.എല്‍.ഡി. പമ്പിംഗ് ശേഷിയുള്ള 215 എച്ച്.പി.യുടെ 3 സബ്മേഴ്സിബിള്‍ പമ്പ് സെറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പദ്ധതി തടസ്സമില്ലാതെ നടക്കുന്നതിനായി വൈദ്യുതി ലഭ്യമാക്കുന്നതിന് 1000 കെ.വി.എ. ട്രാന്‍സ്ഫോര്‍മറും പട്ടിക്കാട് സബ് സ്റ്റേഷനില്‍നിന്ന് ഭൂമിക്കടിയിലൂടെ പ്രത്യേക വൈദ്യുതിലൈനും (ഡെഡിക്കേറ്റഡ് ഫീഡര്‍) സ്ഥാപിച്ചിട്ടുണ്ട്.
ഈ പദ്ധതികളുടെ പരീക്ഷണയോട്ടം ഇന്ന് മേയര്‍ എം.കെ. വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ സംഘം പരിശോധിച്ചു വിലയിരുത്തി. അതിവേഗം ഈ പദ്ധതി കമ്മീഷന്‍ ചെയ്ത് തൃശൂര്‍ ജനതയ്ക്കായി സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ അറിയിച്ചു.
ഡെപ്യട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്‍, ജോണ്‍ ഡാനിയല്‍, ലാലി ജെയിംസ്, സാറാമ്മ റോബ്സണ്‍, പ്രതിപക്ഷനേതാവ് രാജന്‍ ജെ. പല്ലന്‍, ബി.ജെ.പി. കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, മറ്റു കൗണ്‍സിലര്‍മാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യാഗസ്ഥര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ചതിനു ശേഷം പൂര്‍ണ്ണമായി വാട്ടര്‍ ലൈനുകളും കോര്‍പ്പറേഷന്‍ ടാങ്കുകളും സമ്പുകളും കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ക്ലീന്‍ ചെയ്യുകയും തുടര്‍ന്ന് വീടുകളിലെ ടാങ്കുകള്‍ ക്ലീന്‍ചെയ്യാന്‍ അറിയിപ്പ് നല്‍കുകയും ചെയ്യും. ജൂലൈ മാസത്തില്‍ കോര്‍പ്പറേഷന്‍റെ ഈ സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.