Watch Video
വിനോദസഞ്ചാരികളേ ഇതിലേ… ബോട്ടുകളുടെ ട്രയല്‍ റണ്‍ തുടങ്ങി
രാവിലെ 10 മുതല്‍ 5 വരെ സന്ദര്‍ശകര്‍ക്ക് ബോട്ടില്‍ സൗജന്യമായി സവാരി ചെയ്യാം. ഡി.ടി.പി.സിയും, തൃശൂര്‍ കോര്‍പറേഷനും ചേര്‍ന്നാണ് വഞ്ചിക്കുളം നവീകരിച്ചത്.
തൃശൂരിലെ വഞ്ചിക്കുളം ‘കളറാ’യി
തൃശൂര്‍: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തൃശൂരിലെ വാണിജ്യകേന്ദ്രമായിരുന്ന വഞ്ചിക്കുളം നഗരത്തിലെ പ്രധാന ടൂറിസ്റ്റ്് കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. വിനോദ സഞ്ചാരികള്‍ക്ക് 2 കിലോ മീറ്റര്‍ ദുരം ബോട്ടിംഗ് യാത്ര നടത്താനും മറ്റുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഒരു സ്പീഡ് ബോട്ടും, ഒരു ഫൈബര്‍ ബോട്ടും, അഞ്ച് വഞ്ചികളും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തും. 10 മീറ്റര്‍ വീതിയിലുള്ള ജലപാതയിലൂടെ അരണാട്ടുകര വരെയാണ് ബോട്ട് സര്‍വീസ് നടത്തുക. ഇതിനായി വഞ്ചിക്കുളം തോട് വൃത്തിയാക്കിവരുന്നു. പണ്ട്് വഞ്ചിക്കുളത്തു നിന്ന് ഏനാമാവിലേക്കും, കൊടുങ്ങല്ലൂരിലേക്കുമുള്ള ജലപാതയുടെ തുടക്കം വഞ്ചിക്കുളത്തുനിന്നായിരുന്നു.
ബോട്ട് സര്‍വീസ് ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വഹിച്ചു. ഡപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ.ഷാജന്, ഡി.പി.സി അംഗം വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, സാറാമ്മ റോബ്സണ്.ശ്യാമള തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
മേയറും വിശിഷ്ടാഥികളും ചേര്‍ന്ന് തെളിയിച്ച മണ്‍ചിരാതുകള്‍ നീലവര്ണാങ്കിതമായ ജലപാതയില്‍ ഒഴുക്കിയതോടെ ചെണ്ടമേളം മുഴങ്ങി. ഒപ്പം ചുറ്റും വര്‍ണം വിതറി ലൈറ്റുകള്‍ തെളിഞ്ഞു. മാനത്ത് പൂരത്തിന്റെ പ്രതീതിയില്‍ അമിട്ടുകള്‍ പലനിറത്തില്‍ മിന്നിനിറഞ്ഞു. ഒരു മാസമാണ് ട്രയല്‍ റണ്‍ നടക്കുക. രാവിലെ 10 മുതല്‍ 5 വരെ സന്ദര്‍ശകര്‍ക്ക് ബോട്ടില്‍ സൗജന്യമായി സവാരി ചെയ്യാം. ഡി.ടി.പി.സിയും, തൃശൂര്‍ കോര്‍പറേഷനും ചേര്‍ന്നാണ് വഞ്ചിക്കുളം നവീകരിച്ചത്.
എറണാകുളത്തെ മറൈന്‍ ഡ്രൈവ് പോലെ മനോഹരമായ വഞ്ചിക്കുളം ഡ്രൈവാണ് തന്റെ ലക്ഷ്യമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വഞ്ചിക്കുളത്തിന് 2 കിലോ മീറ്റര്‍ അകലെ കോര്‍പറേഷന്റെ 15 ഏക്കര്‍ സ്ഥലത്ത് ഫ്ളോട്ടിംഗ് വില്ലയും, ഫ്ളോട്ടിംഗ് റസ്റ്റോറന്റും, ലൈബ്രറിയും കൊണ്ടുവരും. വിനോദസഞ്ചാരകേന്ദ്രമാകുന്നതോടെ ഇവിടെ ഫ്ളോട്ടിംഗ് മാര്‍ക്കറ്റും, സൈക്കിളിംഗും അടക്കം കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ ഗ്രീനിക്സ് വില്ലേജിനാണ് നടത്തിപ്പ് ചുമതല.