തൃശ്ശൂര്‍: രണ്ട് മാസക്കാലം കാഴ്ചയുടെ ഉത്സവമായ തൃശ്ശൂര്‍ പൂരം പ്രദര്‍ശനത്തിന് ഒരുക്കങ്ങളായി. നാളെ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടനം മെയ് 22ന് സമാപിക്കും. ഏപ്രില്‍ 30. മെയ് 1 തിയതികളിലാണ് ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിലുള്ള 60-ാമത്തെ പ്രദര്‍ശനമാണിതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് അറിയിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡിന് പ്രദര്‍ശനഗ്രൗണ്ടിന് കൊടുക്കേണ്ട വാടക സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു്. 180-ല്‍ പരം സ്റ്റാളുകളും എഴുപതിലധികം പവിലിയലുകളുമാണ് ഈ വര്‍ഷം പ്രദര്‍ശനനഗരിയില്‍ സജ്ജമാകുന്നത്. ഐ.എസ്.ആര്‍.ഒ, ബി.എസ്.എന്‍.എല്‍, കയര്‍ ബോര്‍ഡ്, തൃശ്ശൂര്‍ കോര്‍പറേഷന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വൈദ്യുതി ബോര്‍ഡ്, കേരള പോലീസ്, എക്‌സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് കാര്‍ഷിക സര്‍വകലാശാല, വെറ്റെറിനറി യൂണിവേഴ്‌സിറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, കില, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഇത്തവണ പവിലിയനുകളൊരുക്കുന്നുണ്ട്. ഗുരുവായൂര്‍ ദേവസ്വവും, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജും ഈ വര്‍ഷവും പവിലിയനുകള്‍ സജ്ജമാക്കുന്നുണ്ട്. പൂരം പ്രദര്‍ശനത്തിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളും പൂരം പ്രദര്‍ശനക്കമ്മറ്റിയും ചേര്‍ന്ന് ഒരു ഡയമണ്ട് ജൂബിലി പവിലിയന്‍ ഒരുക്കുന്നുണ്ട്.
പുരം പ്രദര്‍ശനത്തിന്റെ 60 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ കീഴിലുളള വിവിധ സ്ഥാപനങ്ങളുടെ വിവരാധിഷ്ഠിത സ്റ്റാളുകളും ഈ പവിലിയനിലുണ്ടാകും. ഇങ്കര്‍ റോബോട്ടിക്‌സ് ഒരുക്കുന്ന റോബോട്ടിക്‌സ് പ്രദര്‍ശനവും, ടണല്‍ അക്വേറിയവും ഇത്തവണത്തെ സവിശേഷതയാണ്. ദിവസവും വൈകുന്നേരം ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തും.