തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറായി.ഏപ്രില്‍ 19നായിരുന്നു തൃശൂര്‍ പൂരം. അന്വേഷണം പൂര്‍ത്തിയായി. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി.
ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ എ.ഡി.ജിപ.ി അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കും. ഡി.ജി.പിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പൂരദിവസം രാത്രി 11 മണിയോടെയാണ് പോലീസ് ഇടപെടലില്‍ പ്രതിഷേധിച്ച്് സംഘാടകര്‍ പൂരം നിര്‍ത്തിവെച്ചത്. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം പൂരപ്പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് വെടിക്കെട്ട് നടത്തിയത്.
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണര്‍ കയര്‍ക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം.












