തൃശ്ശൂര്: ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകന് ദക്ഷിനെയും കൊലപ്പെടുത്തിയത്. വലപ്പാട് ബീച്ചില് ഇന്ന് പുലര്ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി വിജേഷ് തൃശ്ശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്.
വിസ്മയയുടെ കരച്ചില് കേട്ട് സഹോദരന് വാതില് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയില് വിസ്മയയെ കണ്ടെത്തിയത്. തുടര്ന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയില് കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചു. എന്നാല് മകനെ രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവര് തമ്മില് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.മൃതദേഹങ്ങള് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.





