സ്ഥാപിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പോലീസ് കണ്‍ട്രോളില്‍ കാണാം
തൃശ്ശൂര്‍: തൃശൂര്‍ നഗരത്തിന് ചുറ്റും പോലീസിന്റെ മൂന്നാം കണ്ണ്. തൃശൂര്‍ സിറ്റി പോലീസിന്റെ നിയന്ത്രണത്തില്‍ നഗരത്തിന്റെ 28 ഇടങ്ങളിലായി നാല് പി.ടി.ഇസഡ് ക്യാമറകള്‍ അടക്കം 60 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി. സ്ഥാപിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പോലീസ് കണ്‍ട്രോളില്‍ കാണാം. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂമന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. പോലീസിന് മൂന്നാംമുറ വേണ്ട മൂന്നാം കണ്ണ് മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമപാലനത്തിനൊപ്പം ജനപക്ഷത്തുനിന്ന്് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നാല് പി.ടി.ഇസഡ് (PTZ) ക്യാമറകള്‍ അടക്കം 60 നിരീക്ഷണ ക്യാമറകള്‍ നഗരത്തിന്റെ 28 ലൊക്കേഷനുകളില്‍ സ്ഥാപിച്ചു. കേരളാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച 1.5 കോടി രൂപയുടെ പദ്ധതി പ്രകാരം തൃശ്ശൂര്‍ സിറ്റി പോലീസ് ജില്ലയുടെ 8 അതിര്‍ത്തി പ്രദേശങ്ങളിലായി 10 ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷനും (Automatic Number Plate Recognition) സ്ഥാപിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ വാണിയംപാറ, എന്നിവിടങ്ങളിലും വാഴക്കോട്, അക്കിക്കാവ്, വന്നേരി, തങ്ങള്‍പടി, ചേറ്റുവ ബ്രിഡ്ജ്, കണിമംഗലം എന്നീ സംസ്ഥാന പാതകളിലുമാണ് ഈ ബോര്‍ഡര്‍ സീലിംഗ് ക്യാമറകള്‍ (Border Sealing Camera ) സ്ഥാപിച്ചിട്ടുള്ളത്.
കൂടാതെ ഈ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി കേരളാ പോലീസ് വകുപ്പ് 20 ലക്ഷം രൂപ കൂടി അനുവദിക്കുകയും ആയതിന്‍ പ്രകാരം 25 പുതിയ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ നഗരത്തിലെ ശങ്കര അയ്യര്‍ റോഡ് ജങ്ക്ഷന്‍, പടിഞ്ഞാറെ കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കല്‍, അശ്വനി ജങ്ക്ഷന്‍ എന്നിവിടങ്ങളില്‍ കൂടി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നു.
ദേശീയപാതയിലെ പാലിയേക്കര മുതല്‍ വാണിമ്പാറ വരെ ആറുമാസത്തിനുള്ളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഈ ശൃംഖലയിലേക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ കൂടുതല്‍ ക്യാമറകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
തൃശ്ശൂരിലെ സ്വര്‍ണ്ണ വ്യാപാരത്തിന്റെ കേന്ദ്രഭാഗമായ പള്ളിക്കുളം ഭാഗത്ത് ശക്തമായ ക്യാമറാ നിരീക്ഷണം ആവശ്യമായതിനാല്‍ സ്വര്‍ണ്ണ വ്യാപാരികളുടെ സഹകരണത്തോടു കൂടി ആദ്യ ഘട്ടത്തില്‍ 50 ഹൈ റെസൊലൂഷന്‍ (High Resolution) ക്യാമറകളും, തൃശ്ശൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ വ്യാപാരികള്‍ ഒത്ത് ചേര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി 12 ഹൈ റെസൊല്യൂഷന്‍ (High Resolution )ക്യാമറകളും പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് നിരീക്ഷിക്കാവുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.എസ്.ആര്‍ (South Indian Bank CSR) ഫണ്ടില്‍ സ്ഥാപിച്ച് തന്നിട്ടുള്ള 14 ഹൈ റെസൊല്യൂഷന്‍ (High Resolution) ക്യാമറകളും ഒരു എ.എന്‍.പി.ആര്‍ (ANPR )ക്യാമറയും കണ്‍ട്രോള്‍ റൂം നെറ്റ് വര്‍ക്കിലേക്ക് കണക്റ്റ് ചെയ്തിട്ടുള്ളതാണ്. പൊതുജനങ്ങളുടെ സുരക്ഷക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടുകൂടി നവീകരിച്ച വടക്കേച്ചിറ ബസ്സ് സ്റ്റാന്റില്‍ സ്ഥാപിച്ചിട്ടുള്ള 29 ക്യാമറകള്‍ കണ്‍ട്രോള്‍ റൂം നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പാവറട്ടി മര്‍ച്ചന്റ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പാവറട്ടി പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 25 നിരീക്ഷണ ക്യാമറകളും 4 എ.എന്‍.പിആര്‍ (ANPR) ക്യാമറകളും കണ്‍ട്രോള്‍ ചെയ്തിട്ടുള്ളതാണ്.
തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ച് ഈ ക്യാമറാ സംവിധാനം വഴി നിരീക്ഷണം ഏര്‍പ്പെടുത്തുകയും ഇത് വഴി ജനത്തിരക്ക് നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും തല്‍സമയം നിരീക്ഷണം മൂലം സാധിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷന്‍ ആര്‍.ആദിത്യ അറിയിച്ചു.
ക്യാമറാ കണ്‍ട്രോളിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ വിവിധ പോലീസ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും 653 അന്വേഷണങ്ങള്‍ ലഭിക്കുകയും അവയില്‍ 114 കേസ്സുകളിലേക്കായി നേരിട്ട് ദൃശ്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. തൃശ്ശൂര്‍ നഗരത്തിലെ ട്രാഫിക് നിരീക്ഷണത്തിന്റെ
ഭാഗമായി 82 വാഹനാപകടങ്ങള്‍ തല്‍സമയം കണ്‍ട്രോള്‍ റൂമിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ആയതിന്റെ ഫലമായി വലിയ രീതിയിലുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കാനും സാധിച്ചു. ട്രാഫിക് സിഗ്നല്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സിഗ്‌നല്‍ ലംഘനവുമായി ബന്ധപ്പെട്ട് 293 കേസ്സുകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും ചെയ്തിട്ടുള്ളതാണ്.