തൃശൂര്‍: വില്ലടത്ത് ഹെല്‍ത്ത് സെന്ററിനു തീയിട്ടു. ഹെല്‍ത്ത് സെന്റര്‍ ഭാഗികമായി കത്തിനശിച്ചു. തീയിട്ടശേഷം അക്രമി ഓടിരക്ഷപ്പെട്ടു. ഓഫീസിലുണ്ടായിരുന്ന സീനിയര്‍ ക്ലര്‍ക്ക് അനൂപിന്റെ കാലിനു പൊള്ളലേറ്റിട്ടുണ്ട്. അനൂപിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഓഫീസിലെ ഫയലും ഫാര്‍മസി റൂമിലെ മേശപ്പുറത്തിരുന്ന മരുന്നുകളും കത്തിനശിച്ചു. രാത്രി ഏഴോടെയായിരുന്നു അക്രമം. കുപ്പിയില്‍ ഇന്ധനവുമായാണ് അക്രമിയെത്തിയത്. ഓഡിറ്റിങ്ങിന്റെ ഭാഗമായി ഈ സമയം ജീവനക്കാര്‍ ഓഫീസിനകത്തുണ്ടായിരുന്നു. ജീവനക്കാരോട് തട്ടിക്കയറി അക്രമി കുപ്പിയിലെ ഇന്ധനം ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അനൂപ് ധരിച്ചിരുന്ന ജീന്സിലാണ് തീപിടിച്ചത്. ജീന്‍സ് പെട്ടെന്ന് ഊരിയെറിഞ്ഞതോടെയാണ് അനൂപ് രക്ഷപ്പെട്ടത്. തീകൊളുത്തിയ അക്രമി ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ 18ന് അക്രമി ഹെല്‍ത്ത് സെന്ററിലെത്തി താന്‍ വാങ്ങിയ മരുന്നിന് ഗുണമേന്മയില്ലെന്ന് പറഞ്ഞ് ബഹളം വച്ചിരുന്നു. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.എ.സി.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.