Newsskerala

തൃശൂര്‍ പൂരം: ആനന്ദവും, ആവേശവുമായി സ്‌പെഷല്‍ കുടകള്‍ ഹോമകുണ്ഡത്തിലെ കത്തുന്ന തീയില്‍ ശിവന്റെ താണ്ഡവം,ഭക്തിയുടെ നിറവില്‍ ഗണപതിയും, ശിവപാര്‍വതിമാരും

തൃശൂര്‍: കാണികള്‍ക്ക് കൗതുകക്കാഴ്ചകളുടെ വിരുന്നൊരുക്കാന്‍ കുടമാറ്റത്തിന് സ്‌പെഷല്‍കുടകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഗണപതിയും, ശിവപാര്‍വതിമാരും ഇത്തവണ സ്‌പെഷല്‍കുടകളായി ആനപ്പുറത്ത് വിസ്മയം ചൊരിയും.
കത്തുന്ന ഹോമകുണ്ഡത്തില്‍ ശിവതാണ്ഡവം ഇത്തവണത്തെ സ്‌പെഷല്‍ കുടകളില്‍ പുതുമയാകും. പ്രത്യേക രീതിയില്‍ സജ്ജീകരിച്ച എല്‍.ഇ.ഡി ലൈറ്റുകളാണ് ഹോമകുണ്ഡത്തില്‍ തീ കത്തുന്ന പ്രതീതി സൃഷ്ടിക്കുക. വിയ്യൂര്‍ യുവജനസംഘം പുലിക്കളി സമിതിയാണ് ശിവതാണ്ഡവം സ്‌പെഷല്‍ കുടകള്‍ പതിനാലെണ്ണം പാറമേക്കാവ് വിഭാഗത്തിനായി ഒരുക്കുന്നത്.  ഒരുമാസത്തിലധികമായി ശിവതാണ്ഡവത്തിന്റെ നിര്‍മ്മിതിയിലാണ് വിയ്യൂരിലെ യുവജനസംഘം പുലിക്കളി സമിതിയിലെ അംഗങ്ങള്‍.
പാറമേക്കാവ് വിഭാഗത്തിനായി ഗണപതിയുടെയും, തിരുവമ്പാടി വിഭാഗത്തിനായി ശിവപാര്‍വതിമാരുടെയും സ്‌പെഷല്‍ കുടകള്‍ ഒരുക്കുന്നത് ശില്‍പിയായ പ്രസാദ് തോട്ടപ്പത്താണ്. അധ്യാപകന്‍ കൂടിയായ പ്രസാദ് കഴിഞ്ഞ 19 വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയും 6 വര്‍ഷമായി  പാറമേക്കാവ് വിഭാഗത്തിനും സ്‌പെഷല്‍ കുടകള്‍ നിര്‍മ്മിക്കുന്നു. വൈവിധ്യങ്ങളുമായി പതിനഞ്ച് സ്‌പെഷല്‍ കുടകളാണ് ഓരോ വിഭാഗത്തിനും വേണ്ടി നിര്‍മ്മിക്കുന്നത്. ഇനിയും സ്‌പെഷല്‍ കുടകള്‍ ഇരുവിഭാഗങ്ങളുടെയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സ്പെഷല്‍ കുടകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കുകയാണ് പതിവ്. സ്‌പെഷല്‍ കുടകളില്‍ രണ്ടോ മൂന്നോ സെറ്റുകള്‍ മാത്രമാണ് ചമയപ്രദര്‍ശനത്തിനുണ്ടാകുക.


Leave a Comment

Your email address will not be published. Required fields are marked *