Newsskerala

ആക്‌സിയം 4 ദൗത്യം: വിക്ഷേപണം വീണ്ടും മാറ്റി

ഫ്‌ളോറിഡ:  ആക്‌സിയം 4 ബഹിരാകാശ ദൗത്യം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജൂണ്‍ 22ന് നിശ്ചയിച്ചിരുന്ന വിക്ഷേണം വീണ്ടും നീട്ടി. അതേസമയം, പുതിയ തീയതി നാസ പ്രഖ്യാപിച്ചിട്ടില്ല.

ആക്സിയം മിഷന്‍-4 വിക്ഷേപണ സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കുമെന്നുമാണ് നാസ അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, ബഹിരാകാശ നിലയത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. ദൗത്യ സംഘത്തെ സ്വീകരിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം തയാറാണെന്ന് ഉറപ്പാക്കാന്‍ നാസ ആഗ്രഹിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ സമയം ആവശ്യമാണെന്നും നാസ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാലുപേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്‌സിയം 4. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസ്, നാസയും സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്.

ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്റെ  ഭാഗമായാണു 39കാരനായ ശുഭാംശു ശുക്ല ആക്‌സിയം 4 ദൗത്യത്തില്‍ ബഹിരാകാശത്തേക്കു പോകാന്‍ കാത്തിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ (യുഎസ്എ), സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്നിയേവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കപു (ഹംഗറി) എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍.

ആക്‌സിയം 4 ദൗത്യസംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ പേടകം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ മേയ് 29ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുശേഷം ജൂണ്‍ 8, 10, 11 തീയതികളിലും നിശ്ചയിച്ചെങ്കിലും ദൗത്യം നടന്നില്ല

Leave a Comment

Your email address will not be published. Required fields are marked *