തൃശൂര്: ഏറെ വിവാദങ്ങള്ക്കും, നിയമയുദ്ധത്തിനും ശേഷം ഇന്ന് തിയേറ്ററുകളിലെത്തിയ കേരള സ്റ്റോറി 2 സിനിമയ്ക്ക് തണുപ്പന് വരവേല്പ്പ്. കുറച്ച് പേര് മാത്രമാണ് ടിക്കറ്റ് റിസര്വ് ചെയ്തിരിക്കുന്നത്. ഇന്നലെ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സിനിമയ്ക്ക് പ്രദര്ശനാനുമതി നല്കിയത്. ബുക്കിംഗ് കുറവായതിനാല് ചില തിയേറ്ററുകളില് ഷോകള് ക്യാന്സല് ചെയ്തതായും റിപ്പോര്ട്ടുണ്ട്. നിലവില് എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്ശിപ്പിക്കുന്നത്. ഷോ നടക്കുന്ന ജില്ലയിലെ പാന് സിനിമസ് തിയറ്ററില് ആകെ ബുക്ക് ചെയ്തത് 6 പേര് മാത്രമാണ്. പിവിആറില് രണ്ടുപേരാണ് ബുക്ക് ചെയ്തത്. കൊച്ചിയിലെ പ്രമുഖമായ ഷേണായി തിയറ്ററിലും ആളുകള് എത്തിയിട്ടില്ല. സിനിമ പ്രഥമദൃഷ്ട്യ മതസൗഹാര്ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് പതിനഞ്ച് ദിവസത്തേക്ക് തടഞ്ഞിരുന്നത്. ഏതാനും ദിവസങ്ങള്ക്ക് മുന്പായിരുന്നു കേരള സ്റ്റോറി 2ന്റെ വിവാദപരമായ ട്രെയിലര് റിലീസ് ചെയ്തത്. യുവതിയെ നിര്ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കം ഉയര്ത്തിക്കാട്ടി വിമര്ശനങ്ങളും വിവാദങ്ങളും ഉയര്ന്നു. കേരളത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമെന്നായിരുന്നു ആരോപണം. പിന്നാലെ കണ്ണൂര് സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാന്സിസ് അടക്കമുള്ളവര് കേരള സ്റ്റോറി 2ന്റെ പ്രദര്ശനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. സിനിമ കേരളത്തെ കളങ്കപ്പെടുത്താന് ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നും ഹര്ജിക്കാര് ചൂണ്ടിക്കാട്ടിയിരുന്നു.
കേരള സ്റ്റോറി 2 റിലീസിനെത്തി







