Newsskerala

ഭാര്യയോട് മാപ്പു പറഞ്ഞ് മന്ത്രി

പത്തനാപുരം: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ  മന്ത്രി  ഗണേഷ് കുമാര്‍  മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോന്‍. കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രതികരണങ്ങള്‍ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു. രാവിലെ ഗണേഷ് കുമാര്‍ തന്നെ ഫോണില്‍ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്‌നമാണെന്നും ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗണേഷ് കുമാറിനെതിരേ അതിഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോന്‍ നേരത്ത ഉന്നയിച്ചിരുന്നത്. വളരെ മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നുമാണ് അവര്‍ ആദ്യം വെളിപ്പെടുത്തിയത്. താന്‍ കണ്ട കാര്യങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് തന്നെ മര്‍ദ്ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും അവര്‍ ആരോപിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഡ്രൈവറായ ശാന്തനും സ്റ്റാഫംഗമായ പ്രദീപുമാണ് തന്നെ തടഞ്ഞുവെച്ചതെന്നും, കണ്ട രംഗത്തിന്റെ ഫോട്ടോ എടുത്തതോടെ തന്റെ ജീവന് അപകടമുണ്ടാകുമെന്ന് ഭയപ്പെട്ടതായും അവര്‍ വെളിപ്പെടുത്തിയിരുന്നു. സഹായത്തിനായി പോലീസിനെ 112 എന്ന നമ്പറില്‍ വിളിച്ചെങ്കിലും താന്‍ ഉള്ളില്‍ പോയി പെട്ടി പാക്ക് ചെയ്തു വരുമ്പോഴേക്കും അവര്‍ അവിടെ നിന്നും പോയെന്നും ബിന്ദു പരാതിപ്പെട്ടിരുന്നു. മന്ത്രിയുടെ വീട്ടിലേക്ക് വരാന്‍ ടാക്‌സിക്കാര്‍ പോലും ഭയപ്പെട്ടുവെന്നും ഒടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് താന്‍ പാലക്കാട്ടെ വീട്ടിലെത്തിയതെന്നും അവര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *