Newsskerala

മുകുന്ദനെ കൈവിട്ട് കോണ്‍ഗ്രസ്, നാട്ടികയില്‍ സ്വന്തം സ്ഥാനാര്‍ത്ഥി

തൃശ്ശൂര്‍ :  സി പി ഐ വിട്ട് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍ വെട്ടിലായി.പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുകുന്ദനെ കൈവിട്ടു.കോണ്‍ഗ്രസ് നാട്ടികയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് സൂചന. സുനില്‍ ലാലൂര്‍ നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. സി. കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്. മുകുന്ദന്‍ സ്വതന്ത്രനായി മത്സരിക്കട്ടേയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം കെപിസിസിയെ അറിയിച്ചു. കെപിസിസി ഇത് ദേശീയ നേതൃത്വത്തെ ധരിപ്പിക്കും. ദേശീയ നേതൃത്വത്തില്‍ നിന്നാണ് അന്തിമ തീരുമാനമുണ്ടാകുക. മുകുന്ദന്‍ പിടിക്കുന്ന വോട്ടുകള്‍ സിപിഐയുടേത് എന്ന നിഗമനത്തിലാണ് സ്വന്തം സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായം കോണ്‍ഗ്രസ് ശക്തമായത്. നാട്ടിക എം. എല്‍. എയായിരുന്ന സി. സി. മുകുന്ദനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സി. പി. ഐയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പകരം മുന്‍ എം. എല്‍. എ ഗീതാ ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഗീതാ ഗോപിയുടേത് ‘പെയ്മെന്റ് സീറ്റ്’ ആണെന്നും തനിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. യു. ഡി. എഫും ബി.ജെ.പിയും സമീപിച്ചിട്ടുണ്ടെന്നും സമാന ചിന്താഗതിയുള്ളവരുടെ പിന്തുണയോടെ മത്സരിക്കുമെന്നും മുകുന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് മുകുന്ദനെ കൈവിട്ട നിലയിലാണ്.  ബിജെപി പിന്തുണ മുകുന്ദന്‍ സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.  

Leave a Comment

Your email address will not be published. Required fields are marked *