ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്ത ക്രൂരമായ കൂട്ടമാനഭംഗ സംഭവങ്ങളില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സംഭവങ്ങള്‍ക്ക് 2012ലെ നിര്‍ഭയ കേസുമായി ‘വേദനാജനകമായ സാമ്യങ്ങള്‍’ ഉണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റീസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ചാണു വിഷയത്തില്‍ ഇടപെട്ടത്. ക്രമസമാധാന പാലനത്തിലും ഭരണനിര്‍വഹണത്തിലുമുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍നിന്നുള്ള മാനഭംഗ റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് അടിസ്ഥാനപരമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിയമനിര്‍വഹണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും സംഭവിച്ച വ്യവസ്ഥാപിതമായ പരാജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.









