തൃശൂര്‍: പിണറായി വിജയന്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന പ്രസംഗത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിയെക്കുറിച്ച് പ്രസംഗത്തില്‍ പ്രതിപാദിക്കാതിരുന്നത് പദ്ധതിയില്‍ സി.പി.ഐയ്ക്കുള്ള പരോക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു.
പട്ടയമേളയെക്കുറിച്ചും, ക്ഷേമപെന്‍ഷനുകളെക്കുറിച്ചും, സുവോളജിക്കല്‍ പാര്‍ക്കിനെക്കുറിച്ചും, ഗ്യാസ് ലൈന്‍ പദ്ധതിയെക്കുറിച്ചും എല്ലാം മന്ത്രി രാജന്‍ പ്രസംഗത്തില്‍ സവിസ്തരം പരാമര്‍ശിച്ചു. കോവിഡ് കാലഘട്ടത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായെന്നും മന്ത്രി രാജന്‍ ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികള്‍ക്ക് വരെ സര്‍ക്കാര്‍ കരുതലും കൈത്താങ്ങുമായി നിലകൊണ്ടുവെന്നും മന്ത്രി രാജന്‍ പറഞ്ഞു. പരാതികള്‍ക്കിടം നല്‍കാകെ ഭൂമി ഏറ്റെടുത്ത് ദേശീയപാതകള്‍ നിര്‍മ്മിച്ച കാര്യവും മന്ത്രി ഓര്‍മ്മിച്ചു.
സംസ്ഥാനത്തെ 55 ലക്ഷം പേര്‍ക്ക് ആരുടെയും കാലും കൈയും പിടിക്കേണ്ട ഗതികേട് വരുത്താതെ വിഷുക്കൈനീട്ടമായി ക്ഷേമപെന്‍ഷന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം തൃശൂര്‍ പൂരം ആര്‍ഭാടപൂര്‍വം ആഘോഷമായി തന്നെ നടത്തുവാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും, തൃശൂരിന് ഇനിയുള്ള ഒന്നര മാസം ഉത്സവകാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് അവസാനം തൃശൂരില്‍ സംസ്ഥാന റവന്യൂ കലോത്സവം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.