തൃശൂര്‍: കിഴക്കേഗോപുരം വരെ നിറഞ്ഞു നിന്ന കാഴ്ചക്കാര്‍ സാക്ഷിയായി, ഹര്‍ഷാരവങ്ങള്‍ക്കിടെ പാറമേക്കാവിലമ്മ പുറത്തേക്ക് എഴുന്നള്ളി. ചെറിയ പാണി തീര്‍ന്നതോടെ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ ചമയപ്രഭയില്‍ നിന്ന 14 ഗജകേസരികള്‍ക്ക് നടുവില്‍ അണിനിരന്നതോടെ ചെമ്പട തുടങ്ങി. തട്ടകത്തുകാരും, ഭക്തരും പ്രാര്‍ത്ഥനകളോടെ പൂക്കളര്‍പ്പിച്ച് തിടമ്പേറ്റിയ ഗുരുവായൂര്‍ നന്ദനെ വണങ്ങി. ആകാശത്ത് അമിട്ടുകളുടെ നിറക്കൂട്ടുകള്‍ക്കൊപ്പം ആനപ്പുറത്ത് വര്‍ണക്കുടകളും വിടര്‍ന്നു. മേളത്തിന്റെ താളത്തിനൊപ്പം പലവര്‍ണങ്ങളില്‍ കുടകള്‍ മാറി. ആസ്വാദകരുടെ ആരവങ്ങള്‍ക്കിടെ ചെമ്പട കൊട്ടിക്കലാശിച്ചതോടെ പാണ്ടി തുടങ്ങി. നടപ്പാണ്ടി കൊട്ടി പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് കിഴക്കേഗോപുരത്തിലൂടെ ഇലഞ്ഞിത്തറയിലെത്തിയതോടെ പാണ്ടിയുടെ രൗദ്ര താളത്തിലലിയാന്‍ വടക്കുന്നാഥന്റെ അമ്പലവട്ടത്താകെ ആയിരങ്ങള്‍ കാത്തുനിന്നിരുന്നു.