തൃശൂര്‍: കോര്‍പ്പറേഷനും, ചേംമ്പര്‍ ഓഫ് കോമേഴ്‌സും നേതൃത്വം നല്‍കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസം 22 ന് വൈകീട്ട് 7 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ (വിദ്യാര്‍ത്ഥി കോര്‍ണര്‍ ) നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ എം.കെ. വര്‍ഗീസ് അദ്ധ്യക്ഷം വഹിക്കും. ജനറല്‍ കണ്‍വീനര്‍ ടി.എസ്,പട്ടാഭിരാമന്‍ ആമുഖവും, ചേമ്പര്‍ പ്രസിഡണ്ട് പി.കെ.ജലീല്‍ പദ്ധതി വിവരണവും നടത്തും. റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ്, ദേവസ്വം വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ ,ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, ടി.എന്‍.പ്രതാപന്‍ എം.പി, പി.ബാലചന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഡിസംബര്‍ 22 മുതല്‍ ജനുവരി 15 വരെ പകലും രാത്രിയും തിരിച്ചറിയാനാകാത്ത വിധം വൈദ്യുതിയലങ്കാരത്താല്‍പ്രഭാമയമാകും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വകാര്യതാമസ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വര്‍ണനിറങ്ങളോടെ വിസ്മയപ്രഭയില്‍ പങ്കാളികളാകും.
4 സ്ഥിരം വേദികളിലും, ചലിക്കുന്ന വേദികളിലും എല്ലാ ദിവസവും കലാപരിപാടികള്‍ നടക്കും. വഞ്ചിക്കുളത്തെ ബോട്ട് യാത്ര, പാലസ് റോഡിലെ ക്രാഫ്റ്റ് ആര്‍ട്ട്, മോട്ടോര്‍ റെയ്‌സ്, റിമി ടോമി, തൈക്കൂടം ബ്രിഡ്ജ്, ഔസേപ്പച്ചന്‍ നയിക്കുന്ന സംഗീതനിശ ,ഫുഡ് ഫെസ്റ്റ്, ഇന്റര്‍നാഷണല്‍ എക്്‌സിബിഷന്‍, ഫാഷന്‍ വീക്ക്, സ്‌കേയ്റ്റിംഗ്, മോട്ടോര്‍ ഷോ, ഡാന്‍സ് ഫെസ്റ്റ്, തുടങ്ങി ആവേശവും ആനന്ദവും സമ്മാനിക്കുന്ന നിരവധി ഇനങ്ങള്‍ ഫെസ്റ്റിവലില്‍ കാണാനാകും.
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഷോപ്പുകളിലെ ഓഫറുകളും, ഡിസ്‌കൗണ്ട് ,ടി.എസ്.എഫിന്റെ സൗജന്യ ലക്കി നറുക്കെടുപ്പും ഫെസ്റ്റിവലിനെ ആകര്‍ഷകമാക്കും. മേയര്‍ എം.കെ. വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ഷോപ്പിംഗ് ഫെസ്റ്റിവെല്‍ ജനറല്‍ കണ്‍വീനര്‍ ടി.എസ്.പട്ടാഭിരാമന്‍, കണ്‍വീനര്‍ പി.കെ.ജലീല്‍, കെ.ജി.അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.