Newsskerala

തൃശൂര്‍ ചിറക്കേക്കോട് മകനെയും, പേരക്കുട്ടിയെയും തീയിട്ടു കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു

തൃശൂര്‍: മണ്ണുത്തി ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം   ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കൊട്ടേക്കാടന്‍ ജോണ്‍സണ്‍ (48) ഇന്ന് ഉച്ചയോടെ മരിച്ചത്.
ജോണ്‍സന്റെ മകന്‍ ചിറക്കേക്കോട് കൊട്ടേക്കാടന്‍ ജോജി (38), ജോജിയുടെ മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി കൊച്ചിയില്‍ ചികിത്സയിലാണ്.
സെപ്തംബര്‍ 14നായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. മകന്‍ ജോജിയും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജോജിയുടെ അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ജോണ്‍സണ്‍ ഈ ക്രൂരത നടത്തിയത്. ജനല്‍ കത്തി ഉപയോഗിച്ച് തുറന്ന ശേഷമായിരുന്നു ജോണ്‍സണ്‍ മൂവരുടെയും ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചത്.  തീ കൊളുത്തുന്നതിനിടെ ജോണ്‍സണും പൊള്ളലേറ്റിരുന്നു. പരിസരവാസികള്‍ എത്തിയതോടെ ജോണ്‍സണ്‍ വീടിന്റെ ടെറസിലെത്തി വിഷം കഴിച്ച് ജീവനോടുക്കാന്‍ ശ്രമിച്ചു. സംഭവശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ജോണ്‍സനെ ടെറസില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അരുംകൊലയ്ക്ക് പിന്നില്‍ കുടുംബവഴക്കാണെന്ന്് പോലീസ് അറിയിച്ചു. മകനും അച്ഛനും തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് ജോജിയും കുടുംബവും മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ട്് തര്‍ക്കം പറഞ്ഞുതീര്‍ത്തതിന് ശേഷമാണ് രണ്ട് വര്‍ഷം മുന്‍പ് ചിറക്കേക്കോട്ടെ കുടുംബവീട്ടിലേക്ക്് തിരിച്ചെത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.

Leave a Comment

Your email address will not be published. Required fields are marked *