Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു ,കോടനാടിലേക്ക്

തൃശൂര്‍:  ചാലക്കുടി അതിരപ്പിള്ളിയില്‍ വെറ്റിലപ്പാറയ്ക്ക് സമീപം വെച്ച് മസ്തകത്തില്‍ പരിക്കുള്ള  കൊമ്പനെ മയക്കുവെടി വെച്ചു.    ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ആനയെ തളച്ചത്. ചികിത്സിക്കാനുള്ള രണ്ടാം ഘട്ട ശ്രമത്തിന്റെ ഭാഗമായാണ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെനിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്.
ആനയുടെ ഒപ്പമുണ്ടായിരുന്ന ഗണപതി എന്ന  കൊമ്പനെ ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്. വെടിയേറ്റതിന് ശേഷം അല്‍പദൂരം നടന്ന ആന മയങ്ങിവീണു. തുടര്‍ന്ന്  കുങ്കിയാനകളുടെ സഹായത്തോടെ ആനയെ തളച്ചു. തുടർന്ന് ആനയെ ലോറിയില്‍ കയറ്റി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റി. ആനയെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.

കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് പരിക്കേറ്റ ആനയെ തളച്ചത്. ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24-ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍, ഈ മുറിവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെയാണ് ആനയുടെ ജീവനില്‍ ആശങ്കവന്നത്. തുടര്‍ന്ന് മയക്കുവെടി വെച്ച് തളച്ച് ആനയെ ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *