Newsskerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിയ്‌ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു. തന്ത്രി 41-ാം ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ എസ്‌ഐടി അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്. എസ്‌ഐടിയുടെ വാദങ്ങള്‍ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ തന്ത്രിക്ക് ചുമതലയില്ല. ശില്‍പ്പങ്ങളും പാളികളും സ്വര്‍ണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനില്‍ക്കില്ലെന്നുമാണ് ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞിരുന്നത്. എന്നാല്‍, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ട്. 2002 ബംഗലുരുവില്‍ ഇരുവരും പല ഘട്ടത്തില്‍ ഒരുമിച്ച് കണ്ടിട്ടുണ്ട്. ശ്രീരാംപുര ക്ഷേത്രത്തിലെ പോറ്റിയുടെ ജോലി പോയപ്പോള്‍ ബംഗലുരുവിലെ മഹാലക്ഷ്മി ക്ഷേത്രത്തല്‍ ശാന്തിക്കാരനാക്കാന്‍ തന്ത്രി ശ്രമിച്ചിരുന്നു. 2017-ല്‍ പ്രതി ഗോവര്‍ദ്ധന്റെ  വീട്ടിലെ പൂജയക്ക് തന്ത്രിയെ എത്തിച്ചത് പോറ്റിയായിരുന്നു ഇതിന് ഫോട്ടോ അടക്കമുള്ള തെളിവുകളുണ്ട്. ശബരിമലയില്‍ പോറ്റിയെ പ്രവേശിപ്പിച്ചത് തന്ത്രി കുടുംബമാണെന്നും എസ്‌ഐടി അപ്പീലില്‍ പറയുന്നു. സ്വര്‍ണ്ണപ്പാളി കടത്താന്‍ പോറ്റിയും തന്ത്രിയും മറ്റ് പ്രതികളും ചേര്‍ന്ന ഗൂഢാലോചന നടത്തിയതിനും തെളിവുണ്ടെന്നും ഹര്‍ജിയില്‍ എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് എസ്‌ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *