കൊച്ചി: ബഫര്‍സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി നീക്കി മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി.
സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ ഇളവു വരുത്തുന്നുവെന്ന് അറിയിച്ചത്. ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഇളവു വരുത്തുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ജൂണ്‍ മൂന്നിനായിരുന്നു ബഫര്‍സോണില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വന്യജീവിസങ്കേതത്തിന്റെയും ദേശീയ ഉദ്യാനത്തിന്റെയും ഒരു കിലോ മീറ്റര്‍ ചുറ്റളവിലായിരുന്നു ബഫര്‍സോണ്‍. ഇതോടെ രണ്ടര ലക്ഷം ഏക്കറോളം ഭൂമി വനംവകുപ്പിന്റേതാകും. ഒരു ലക്ഷം കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടും. ബഫര്‍സോണില്‍ ഉപഗ്രഹസര്‍വെ പ്രകാരം അന്‍പതിനായിരത്തോളം കെട്ടിടങ്ങള്‍ ഉണ്ട്. ഇവ പൊളിക്കേണ്ടി വരും എന്ന വിഷയം ഉന്നയിച്ചായിരുന്നു പ്രക്ഷോഭങ്ങൾ. 532 ജനവാസകേന്ദ്രങ്ങളും ബഫര്‍സോണില്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാൽ കൂടുതലായും ബഫർ സോണിൽ ഉൾപ്പെട്ട മേഖലകളിൽ ഖനനത്തിനാണ് കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ചെറുകിട നിർമ്മാണങ്ങൾക്ക് നിയന്ത്രണമില്ല.