തൃശൂര്‍: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചെ. പ്പു. കോ. വെ സാംസ്‌കാരികോത്സവത്തിന് പ്രൗഡോജ്ജ്വലമായ തുടക്കം. റീജിയണല്‍ തിയേറ്ററില്‍ പദ്മശ്രീ കലാമണ്ഡലം ഗോപി ചെ. പ്പു. കോ. വെ സാംസ്‌ക്കാരികോത്സവം ഉദ്ഘാടനം ചെയ്തു. പരീക്ഷാക്കാലമായിട്ടും സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തിരക്കുകളുണ്ടായിട്ടും ഈ പരിപാടി സാധ്യമായത് കൂട്ടായ്മയുടെ വിജയമാണെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. സന്മനസ്സുള്ള പല വിഭാഗം ജനങ്ങള്‍ ഒന്നിച്ചുനിന്നതിനാലാണ് ഇത്തരമൊരു പരിപാടി യാഥാര്‍ഥ്യമായത്. വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്ത പ്രതിഭകള്‍ക്കും കലാകാരര്‍ക്കും വേദിയൊരുക്കിയത് അഭിന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. മെഗാ ഇവന്റുകള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ അരികുവല്‍ക്കരിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക്് വേദി നല്‍കുന്നത് ചരിത്രത്തോടും സംസ്‌കാരത്തോടും ചെയ്യുന്ന നീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പാലവും റോഡും കെട്ടിടങ്ങളും പോലെ കലാകാരന്മാരെ പിന്തുണയ്ക്കുന്നതും വികസനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെണ്ടപ്പുറത്ത് കോലുവെച്ചാല്‍ ഉണരുന്നത് താളമാണെന്നും എല്ലാവരുടെ ജീവിതത്തിലും ഒരു താളമുണ്ടാകണമെന്നും ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംസാരിച്ച സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ പറഞ്ഞു.
പരിചിതമുഖങ്ങള്‍ക്കും മുഴങ്ങിക്കേള്‍ക്കുള്ള ശബ്ദങ്ങള്‍ക്കും പകരം പരിചയമില്ലാത്ത മുഖങ്ങള്‍ക്കും അവഗണിക്കപ്പെടുന്ന ശബ്ദങ്ങള്‍ക്കും അവസരം നല്‍കുന്നതാണ് ചെ.പ്പു.കോ.വെ സാംസ്‌ക്കാരികോത്സവമെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഈ അര്‍ഥത്തില്‍ വലിയൊരു ജനാധിപത്യവല്‍ക്കരണ പ്രക്രിയ കൂടിയാണിത്. ഏകശിലാത്മകമായ പരിസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാനകാലത്ത് സമൂഹത്തിലെ ബഹുസ്വരതകളെ ആഘോഷിക്കുന്ന ഇത്തരം പരിപാടികള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
.രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ആദ്യ ദിവസം വജ്രജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച കലാകാരര്‍, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ കലാപ്രവര്‍ത്തകര്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കലാകാരര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വയോജനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവരുടെ കലാ, സംഗീത പരിപാടികള്‍ വേദിയില്‍ അരങ്ങേറി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും കോര്‍പ്പറേഷന്റെയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ചെ. പ്പു. കോ. വെ സാംസ്‌ക്കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വര്‍ഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മ റോബ്സണ്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദന്മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിബു നന്ദിയും പറഞ്ഞു.സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഗീതനാടക അക്കാദമി പരിസരത്തും വടക്കേചിറയിലും കരകൗശലവസ്തുക്കളുടെയും ഭക്ഷ്യസാധനങ്ങളുടെ പ്രദര്‍ശനവും വിപണനവും ചിത്രരചന, സംഗീത പരിപാടികള്‍ തുടങ്ങിയവയും നടന്നു.