പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ പിടികൂടി. പോത്തുണ്ടി മാട്ടായ പ്രദേശത്ത് പോത്തുണ്ടിമലയില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ചെന്താമരയെ പിടികൂടിയത്.
ഇന്നലെ രാത്രി തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പോത്തുണ്ടിക്കടുത്തുള്ള ആശുപത്രിയിലാണ് ഇയാളിപ്പോള്‍ ഉള്ളത്. പൊലീസ് തിരച്ചില്‍ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തില്‍ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു. ചെന്താമരയെ പോലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.