തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടക്കുന്ന സമയത്ത് വടക്കേസ്റ്റാന്‍ഡ് പള്ളിത്താമം മൈതാനത്ത് ട്രേഡ് ഫെയര്‍ നടത്താനുള്ള തീരുമാനത്തിനെതിരെ പൂരപ്രേമികള്‍ രംഗത്ത്. തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ പൂരം പ്രദര്‍ശനം നടത്തുന്നതില്‍ തറവാടകയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് കൊച്ചിന്‍ ദേവസ്വത്തിന്റെ പുതിയ നീക്കം. വലിയ രീതിയിലുള്ള ട്രേഡ് ഫെയറിനായി കൊച്ചി ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഒന്നിനാണ്. പള്ളിത്താമം മൈതാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രദര്‍ശനം. തേക്കിന്‍കാട് മൈതാനത്ത് പൂരം പ്രദര്‍ശനം ഏപ്രില്‍ ആദ്യവാരം തുടങ്ങി മെയ് 25ന് അവസാനിക്കും.
ട്രേഡ് ഫെയര്‍ നടത്താനുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്തെത്തി.. സമാന്തര പൂരം എക്‌സിബിഷന്‍ നടത്തി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എം പി മുരളീധരന്‍, പ്രേംരാജ് ചൂണ്ടലാത്ത് എന്നിവരുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിച്ചിരുന്നു. 21നാണ് സമാന്തര പ്രദര്‍ശനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചത്. .