Watch Video on this page
കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അട്ടപ്പാടിയിലെ സ്ത്രീകളെന്ന് നഞ്ചിയമ്മ
തൃശൂര്‍: കയ്യേറ്റവും, വന്യമൃഗങ്ങളുടെ ശല്യവും മൂലം കൃഷി ചെയ്യാന്‍ കഴിയുന്നില്ല. കൃഷിയായിരുന്നു പ്രധാന ജീവിതമാര്‍ഗം. ഇപ്പോള്‍ ഇവിടെയുള്ളവര്‍ തൊഴിലുറപ്പ് ജോലിക്ക് കിട്ടുന്ന കൂലികൊണ്ടാണ് ജീവിതം കഴിയുന്നത്- മികച്ച സിനിമാ പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടി നഞ്ചിയമ്മയുടേതാണ് ഈ വാക്കുകള്‍. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് ആദിവാസികളുടെ ദുരിതാവസ്ഥ അവര്‍ വിവരിച്ചത്.
കയ്യേറ്റം അട്ടപ്പാടിയില്‍ പതിവാണ്. പാരമ്പര്യമായി കൈവശം വെച്ചു പോരുന്ന നാലേക്കര്‍ ഭൂമി ഒരാള്‍ കയ്യേറിയതിന്റെ പേരില്‍ കേസുണ്ട്. താനടക്കമുള്ള സ്്ത്രീകളാണ് ഇപ്പോള്‍ ഈ കേസിന്റെ പേരില്‍ വര്‍ഷങ്ങളായി കോടതി കയറുന്നത്.
കയ്യേറ്റക്കാര്‍ ഞങ്ങളെ ഭൂമിയില്‍ കയറാന്‍ അനുവദിക്കുന്നില്ല. ഇതു മൂലം കൃഷി ചെയ്യാന്‍ കഴിയുന്നില്ല. കേസില്‍ തീര്‍പ്പാകണമെന്നാണ് പോലീസ് പറയുന്നതെന്നും നഞ്ചിയമ്മ പറഞ്ഞു. ‘കയ്യേറ്റ ഭൂമിയില്‍ ഞങ്ങള്‍ കൃഷിയിറക്കിയാല്‍ അവര്‍ തടയും, അവര്‍ ഭൂമിയി കയറാന്‍ ഞങ്ങളും അനുവദിക്കാറില്ല’. ഭൂമാഫിയകളെക്കുറിച്ചായിരുന്നു നഞ്ചിയമ്മയുടെ പരാതി. കയ്യേറിയ ഭൂമി ഞങ്ങളുടേതാണ്. ഇത് തെളിയിക്കാനുള്ള എല്ലാ രേഖകളും കയ്യിലുണ്ടെന്നും, ഓഗസ്റ്റ് രണ്ടിന് രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു. കേസ് നടത്താന്‍ വേണ്ടി ജീവിതം മുഴുവന്‍ മാറ്റിവെച്ചവരായിരുന്നു ഇവിടെയുള്ള ആണുങ്ങള്‍. അവരൊന്നും ഇന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.
സമരത്തിനൊന്നും ഞങ്ങള്‍ പോയിട്ടില്ല. കൃഷിമന്ത്രിയോടും, കളക്ടറോടും കഴിഞ്ഞ ദിവസം ഇക്കാര്യം പറയണമെന്ന് കരുതിയിരുന്നു. പക്ഷേ പലതും പറഞ്ഞെങ്കിലും ഇക്കാര്യം പറയാന്‍ മറന്നുവെന്നും നഞ്ചിയമ്മ പറഞ്ഞു. മുന്‍പ് റാഗിയും, കാരറ്റും, തുവരയുമൊക്കെ കൃഷി ചെയ്തിരുന്നു. അതൊക്കെയായിരുന്നു കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യമില്ല. ഒന്ന് തട്ടിയാല്‍ വീഴും. പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ക്ക് ആരോഗ്യം നഷ്ടമായതെന്ന് അവര്‍ പറഞ്ഞു.
തന്റെ പാട്ടുകള്‍ക്ക് ലിപിയില്ല. അതിനാല്‍ പാട്ടുകള്‍ എഴുതി വെയ്ക്കാന്‍ കഴിയില്ല. ഗോത്രസംസ്‌കൃതിയുടെ ഭാഗമായ തന്റേതടക്കമുള്ള പാട്ടുകള്‍ ഇനിയുള്ള തലമുറകള്‍ക്കായി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹമുണ്ട്. പാട്ടിന് പ്രതിഫലം ചോദിക്കാറില്ല. തന്നത് വാങ്ങുമെന്നും അവര്‍ പറഞ്ഞു.