അറസ്റ്റ് വൈകിയാല്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ സമരം
തൃശൂര്‍: ട്രെയിനില്‍ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവത്തില്‍ അറസ്റ്റ് വൈകുന്നതായി പരാതി. ശനിയാഴ്ച രാത്രി ഏഴരയോടെ എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് പീഡനശ്രമം നടന്നത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. റെയില്‍വേ ഗാര്‍ഡിന് ഇക്കാര്യത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു.
അറസ്റ്റ് അടക്കമുള്ള നടപടി വൈകുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സമരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതാക്കള്‍ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു
പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതോടെ പിതാവിനെ ആക്രമിക്കുകയായിരുന്നു. ആറ് പേരാണ് ആക്രമണം നടത്തിയതെന്ന് പെണ്‍കുട്ടിയും പിതാവും പറയുന്നു. ഇതിനെതിരെ പ്രതികരിച്ച ഫാസില്‍ എന്ന യുവാവിനെയും സംഘം ആക്രമിച്ചു. പോക്സോ വകുപ്പ് അനുസരിച്ച് രജിസ്റ്റര്‍ചെയ്ത കേസ് എറണാകുളം റെയില്‍വേ പോലീസാണ് അന്വേഷിക്കുന്നത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും നടപടിയില്ലാത്തതിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി.
റെയില്‍വേ ഗാര്‍ഡിനോട് വിവരമറിയിച്ചിട്ടും പൊലീസിനെ വിളിക്കാന്‍ തയാറായില്ല. ഇയാള്‍ക്കെതിരെയും നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കും.