Newsskerala

പ്രധാന്റെ രാജി; സാവകാശം വേണമെന്ന് കേന്ദ്രം, പറ്റില്ലെന്ന് സിജെപി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചു ഡല്‍ഹിയില്‍ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചു നിന്നു.

ഈ ആവശ്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കു തീരുമാനം അറിയിക്കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതായി സിജെപി പ്രതിനിധികള്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുമെന്നും വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.

ധര്‍മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുകൂല പ്രതികരണമായിരുന്നില്ല. എന്നാല്‍, പരീക്ഷാ ക്രമക്കേടുകള്‍ മൂലം ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറുകള്‍ പിന്‍വലിക്കുക എന്നീ  ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും സിജെപി പ്രതിനിധികള്‍ പറഞ്ഞു.

രാജിയാവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു പ്രഖ്യാപിച്ചതോടെ നാളെ ഉച്ചയ്ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കുക.

Leave a Comment

Your email address will not be published. Required fields are marked *