Newsskerala

കോക്രോച്ച് സമരം: പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പ് പറയണം- രാഹുല്‍

ന്യൂഡല്‍ഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയില്‍ ഇരയാക്കപ്പെട്ട വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉടന്‍ രാജിവെച്ച് പുറത്ത് പോകണമെന്നും വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അറസ്റ്റ് ചെയ്തശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ തടവില്‍ വെച്ച ഛത്രസല്‍ സ്റ്റേഡിയത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്.
‘ഇന്ത്യയിലെ വിദ്യാര്‍ഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ നേരിട്ടുള്ള സന്ദേശം’ എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ താന്‍ കണ്ടുവെന്നും വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവിച്ചത് എന്നത് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കേണ്ടത് പ്രധാനമാണെന്ന് താന്‍ സ്പീക്കറോട് പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് അനുമതി തേടണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന് ചര്‍ച്ചയില്‍ ഒരു താത്പര്യവുമില്ലെന്ന കാര്യം തങ്ങള്‍ക്ക് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *