Newsskerala

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു

വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇറാനെതിരേ അതിശക്തമായ വ്യോമാക്രമണം തുടര്‍ന്ന് അമേരിക്ക. ഇറാനിലെ പ്രധാന നഗരങ്ങളായ ബുഷെഹര്‍, തബരീസ് എന്നിവിടങ്ങളിലെ സൈനിക, തന്ത്രപ്രധാനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. എന്നാല്‍, സൈനിക നടപടികള്‍ അവസാനിപ്പിക്കില്ലെന്നും വരുംദിവസങ്ങളിലും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനു ശക്തമായ താക്കീതു നല്‍കി. മേഖലയില്‍ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകള്‍ തുടരുമെന്ന സൂചനകളാണ് ട്രംപിന്റെ  പ്രസ്താവന നല്‍കുന്നത്. ഇറാന്റെ  ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍ പൂര്‍ണമായി അവസാനിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ മിഡില്‍ ഈസ്റ്റില്‍ വന്‍ സംഘര്‍ഷാവസ്ഥയാണു രൂപപ്പെട്ടിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമായതോടെ ആഗോള എണ്ണവിപണിയില്‍ വന്‍ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ബ്രെന്റ് ക്രൂഡോയില്‍ വില ക്രമാതീതമായി ഉയര്‍ന്നു. ഹോര്‍മുസ് വഴിയുള്ള എണ്ണക്കപ്പല്‍ ഗതാഗതം തടസപ്പെടുന്നതു ലോക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുഎസ്-ഇറാന്‍ പോരാട്ടം ശക്തമായ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വീണ്ടും നയതന്ത്ര ഇടപെടലുകള്‍ സജീവമായിട്ടുണ്ട്. സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്കു പടരുന്നതു തടയാന്‍ യുഎന്‍ അടക്കമുള്ള ആഗോള സംഘടനകളും വിവിധ രാഷ്ട്രത്തലവന്മാരും അടിയന്തര ഇടപെടലുകള്‍ക്കു ശ്രമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *