തൃശൂര്‍: കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന് എറണാകുളം ശിവകുമാര്‍ വടക്കുന്നാഥക്ഷേത്രത്തിലെ തെക്കേഗോപുരനട തുറന്നിട്ടതോടെ തൃശൂര്‍ പൂരം വിളംബരമായി. രാവിലെ എട്ടിന് കുറ്റൂര്‍ നെയ്തലക്കാവില്‍ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷമാണ് ചരിത്രപ്രസിദ്ധമായ പൂരവിളംബരത്തിനുള്ള എഴുന്നള്ളിപ്പ് തുടങ്ങിയത്.
തുടര്‍ന്ന്്് പടിഞ്ഞാറെഗോപുരത്തിലൂടെ വടക്കുന്നാഥനെ പ്രദക്ഷിണം വെച്ചശേഷമാണ് കൊമ്പന് ശിവകുമാര്‍ തെക്കേഗോപുരനട തുറന്നിട്ടത്.
ഗോപുരവാതില്‍ തള്ളിത്തുറന്ന് പുറത്തിറങ്ങിയ ഭഗവതി നിലപാടുതറയില്‍ വണങ്ങി. തുടര്‍ന്ന് തിരുവമ്പാടി അമ്പലത്തിലെത്തും. അവിടെ നിന്ന് പുറപ്പെടുന്ന തെയ്തലക്കാവിലമ്മ വിയ്യൂര്‍ മൂത്തേടത്ത് മനയില്‍ ഇറക്കിപ്പൂജ നടത്തും. ഒരുമണിയോടെയാണ് കുറ്റൂരിലെ നെയ്തലക്കാവില്‍ തിരിച്ചെത്തുക.
രാജഭരണകാലത്ത് തുടങ്ങിയ ആചാരമാണിത്. നാല് വര്‍ഷം മുന്‍പ് ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു തെക്കേഗോപുരം തുറന്ന് പൂരംവിളംബരം ചെയ്യുന്നതിനുള്ള നിയോഗമുണ്ടായത്.
നാളെ രാവിലെ എട്ടരയോടെ ഭഗവതി വീണ്ടും കുറ്റൂരില്‍നിന്ന് പുറപ്പെടും. ഒറ്റയാനപ്പുറത്ത് നാഗസ്വരം അകമ്പടിയാക്കിയാണ് ദേവി ഗ്രാമത്തില്‍ നിന്ന് പുറപ്പെടുക. മേളത്തിന്റെ അകമ്പടിയില്‍ നടുവിലാലില്‍ പതിനൊന്ന് ആനകള്‍ അണിനിരക്കും. പതിനൊന്നുമണിയോടെ വടക്കുന്നാഥക്ഷേത്ര പടിഞ്ഞാറേഗോപുരം വഴി കയറി തെക്കേഗോപുരം വഴി പുറത്തിറങ്ങും. തുടര്‍ന്ന് പഴയനടക്കാവിലെ ഭഗവതീക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിക്കും. രാത്രി 11.30-ന് വീണ്ടും വടക്കുന്നാഥനിലെ ത്തുന്ന നെയ്തലക്കാവിലമ്മ പഴയ പോലെ പടിഞ്ഞാറേഗോപുരത്തിലൂടെ കയറി തെക്കേഗോപുരം വഴി പുറത്തിറങ്ങും. തുടര്‍ന്ന് സ്വന്തം തട്ടകത്തേക്ക് ഗ്രാമീണരോടൊപ്പം തിരിച്ചെഴുന്നള്ളും. വൈകീട്ടാണ് കൊടിയിറക്കം.
കൊമ്പന് എറണാകുളം ശിവകുമാര്‍ തെക്കേഗോപുരനട തുറന്നിട്ടു, നഗരം പൂരത്തിരക്കിലേക്ക്















