Newsskerala

ആവേശം ചോരാതെ തൃശൂര്‍ പൂരം: കത്തുന്ന ചൂടിലും കടലായി ജനപ്രവാഹം

തൃശ്ശൂര്‍: കത്തുന്ന ചൂടിലും കുളിര്‍ക്കാഴ്ചകളൊരുക്കി തൃശൂര്‍ പൂരം. തെക്കോട്ടിറക്കത്തിന് ശേഷം തെക്കേഗോപുരനടയില്‍ വൈകിട്ട് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ അഭിമുഖമായി അണിനിരന്ന് വര്‍ണാഭമായ കുടമാറ്റം. 30 മണിക്കൂര്‍ നീണ്ട പൂരക്കാഴ്ചകളില്‍ മുഴുകാന്‍ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമെത്തിയത് ആയിരങ്ങള്‍. വെളുപ്പിന് വെയിലുദിക്കും മുന്നേ പതിവ് തെറ്റിക്കാതെ കണിമംഗലത്തു നിന്ന്് ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. തുടര്‍ന്ന് മറ്റ് 7 ഘടകക്ഷേത്രങ്ങളിലെയും പൂരങ്ങളുടെ വരവായി. രാവിലെ എഴരയോടെ തിരുവമ്പാടിയില്‍ നിന്നും പറപുറപ്പാട് തുടങ്ങി. തിരുവമ്പാടി കണ്ണന്‍ തിടമ്പേറ്റി.
 പിന്നാലെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍വരവ് ആരംഭിച്ചു.  
പാറമേക്കാവില്‍ ഇത്തവണ എഴുന്നള്ളിപ്പ് നേരത്തെ ആയിരുന്നു. രാവിലെ 11.30-ന് പുറപ്പെട്ടപ്പോള്‍ ചെമ്പടമേളം അകമ്പടിയായി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറമേളമായി മാറിയത് ഈ മേളമാണ്. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ഇലഞ്ഞിത്തറമേളം. അതേസമയം, പുറത്ത്്് ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ മേളവും നടന്നു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയാണ് ഇത്തവണ തൃശ്ശൂര്‍ പൂരം നടന്നത്. പ്രധാന വെടിക്കെട്ട് ഒഴിവാക്കുകയും കുടമാറ്റത്തിന്റെ സമയം കുറയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും കുടമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ ജനസാഗരത്തിന്റെ ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. പൂരത്തിലെ ഏറ്റവും വലിയ ജനസഞ്ചയം ഒന്നിക്കുന്നത് ഈ കുടമാറ്റം കാണാനാണ്.
പകല്‍ മുഴുവന്‍ ചെമ്പട, പാണ്ടിമേളങ്ങള്‍ പൂരനഗരിയില്‍ പ്രകമ്പനമായി. പാറമേക്കാവ് രാത്രി പഞ്ചവാദ്യമാണ് പൂരപ്രേമികള്‍ക്കായി ഒരുക്കുന്നത്. തിരുവമ്പാടിക്കും രാത്രി പതിനൊന്നരയ്ക്ക് പഞ്ചവാദ്യം ഉണ്ട്.

Leave a Comment

Your email address will not be published. Required fields are marked *